News & Views

എഐ വിഴുങ്ങാത്ത കരിയറുകള്‍; ബുദ്ധിയല്ല, ഇനി വേണ്ടത് 'ഹൃദയം'! ശ്രീധര്‍ വെമ്പു പറയുന്നു

എഐ തൊഴില്‍ രംഗം മാറ്റിമറിക്കുമ്പോള്‍, സാമ്പത്തിക ലാഭമല്ല മനുഷ്യന്റെ സഹാനുഭൂതിയും സൃഷ്ടിപരതയും തന്നെയാണ് ഭാവി കരിയറുകളുടെ അടിത്തറയെന്ന് ശ്രീധര്‍ വെമ്പു വിലയിരുത്തുന്നു.

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) തൊഴില്‍ വിപണിയെ വിഴുങ്ങുമെന്ന ആശങ്കകള്‍ക്കിടയില്‍, മനുഷ്യന്റെ നിലനില്‍പ്പിനെയും സ്വത്വത്തെയും കുറിച്ച് വേറിട്ട നിരീക്ഷണവുമായി സോഹോ (Zoho) സ്ഥാപകന്‍ ശ്രീധര്‍ വെമ്പു. കേവലം സാമ്പത്തിക ലാഭത്തിനോ ബൗദ്ധികമായ അഹങ്കാരത്തിനോ വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് എഐ ഒരു ഭീഷണിയായേക്കാം, എന്നാല്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് എഐ ഒരു പ്രശ്‌നമേയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്നുവരെ നാം വലിയ കാര്യമായി കണ്ടിരുന്ന പല 'വൈറ്റ് കോളര്‍' ജോലികളും എഐക്ക് മുന്നില്‍ പതറുകയാണ്. തന്റെ ശമ്പളവും പദവിയുമാണ് തന്റെ 'വില' എന്ന് വിശ്വസിക്കുന്നവര്‍ക്ക്, തന്നെക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ വരുന്നത് വലിയൊരു മാനസിക പ്രതിസന്ധിയുണ്ടാക്കും.

എഐക്ക് തൊടാന്‍ കഴിയാത്ത മേഖലകള്‍

ലാഭവിഹിതം നോക്കാതെ, മനസിന്റെ സംതൃപ്തിക്കായി ചെയ്യുന്ന ജോലികള്‍ക്ക് വരുംകാലത്ത് പ്രസക്തിയേറുമെന്ന് വെമ്പു പറയുന്നു. കുട്ടികളെ വളര്‍ത്തുക, മുതിര്‍ന്ന പൗരന്മാരെ സ്‌നേഹത്തോടെ പരിചരിക്കുക എന്നിവ കേവലം മെക്കാനിക്കല്‍ ജോലികളല്ല. അതിന് ഹൃദയസ്പര്‍ശിയായ അടുപ്പം ആവശ്യമാണ്. ഭക്തരില്ലാത്ത ക്ഷേത്രങ്ങളില്‍ പോലും നിത്യകര്‍മ്മങ്ങള്‍ മുടങ്ങാതെ ചെയ്യുന്ന പൂജാരിമാരോ പള്ളിയിലെ ശുശ്രൂഷകരോ ചെയ്യുന്നത് ലാഭവിഹിതം നോക്കിയുള്ള പ്രവൃത്തിയല്ല. ചെറിയ സദസ്സിലാണെങ്കിലും ദിവസവും സാധകം ചെയ്യുന്ന സംഗീതജ്ഞര്‍ക്ക് അത് ആത്മസംതൃപ്തിയാണ്. ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കോ വനസംരക്ഷണത്തിലേക്കോ തിരിയുന്നവര്‍ ലക്ഷ്യമിടുന്നത് പ്രകൃതിയോടുള്ള സ്‌നേഹമാണ്.

ഭാവി മനുഷ്യന്റേതാണ്

യന്ത്രങ്ങള്‍ക്ക് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കും, എന്നാല്‍ അവ അനുഭവിക്കാന്‍ (Feel) സാധിക്കില്ല.

സാമ്പത്തിക ലാഭത്തിനായി ചെയ്യുന്ന ജോലികള്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, മനുഷ്യന് തന്റെ സഹജമായ ഗുണങ്ങളായ അനുകമ്പ, സഹാനുഭൂതി, സര്‍ഗ്ഗാത്മകത എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമെന്ന് ശ്രീധര്‍ വെമ്പു പറയുന്നു.

ചുരുക്കത്തില്‍ എഐയുടെ കടന്നുകയറ്റം മനുഷ്യനെ കൂടുതല്‍ 'മനുഷ്യത്വമുള്ള' പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കാനാണ് സാധ്യത. മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യമുള്ള ജോലികള്‍ക്ക് വരുംകാലത്ത് കൂടുതല്‍ ആദരവ് ലഭിക്കുമെന്ന് ഈ നിരീക്ഷണം അടിവരയിടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT