Canva
News & Views

ജപ്പാനെ പൊട്ടിച്ചേ! ശരിക്കും? ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ, ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ സ്ഥാനം എവിടെ?

2047ലെത്തുമ്പോള്‍ ഇന്ത്യക്ക് അതിസമ്പന്ന രാജ്യമായി മാറാനുള്ള ശേഷിയുണ്ടെന്നും നീതി ആയോഗ്

Dhanam News Desk

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായെന്ന് നീതി ആയോഗ് സി.ഇ.ഒ ബി.വി.ആര്‍ സുബ്രഹ്‌മണ്യം. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) കണക്ക് പ്രകാരം ഇന്ത്യയുടെ ജി.ഡി.പി 4.187 ലക്ഷം കോടി ഡോളറാണ്. ജപ്പാന്റേത് 4.186 ലക്ഷം കോടി ഡോളറും. ഇനി മുന്നിലുള്ളത് യു.എസ്.എ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളാണ്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജര്‍മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു. 2024ല്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. പത്താമത് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിലില്‍ ഐ.എം.എഫ് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ നോമിനല്‍ ജി.ഡി.പി 4.187 ലക്ഷം കോടി ഡോളറിലെത്തുമെന്ന് പ്രവചിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിലും ലോകത്തിലെ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ 2025ല്‍ 6.2 ശതമാനവും അടുത്ത വര്‍ഷം 6.3 ശതമാനവും വളരും. എന്നാല്‍ ആഗോള സാമ്പത്തിക രംഗം ഇക്കൊല്ലം 2.8 ശതമാനവും 2026ല്‍ മൂന്ന് ശതമാനവും മാത്രമേ വളര്‍ച്ച കൈവരിക്കൂ. ഇന്ത്യയുടെ സാമ്പത്തിക രംഗം വഴിത്തിരിവിന്റെ വക്കിലാണെന്നും ഇനി അതിവേഗ വളര്‍ച്ചയുടെ കാലഘട്ടമാണെന്നും നീതി ആയോഗ് സി.ഇ.ഒ പറയുന്നു.

ഒന്നാം സ്ഥാനത്തേക്ക് എത്ര ദൂരം?

ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് യു.എസ്.എ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളാണ്. ഇതില്‍ യു.എസിന് 30.51 ലക്ഷം കോടി ഡോളറിന്റെയും ചൈനക്ക് 19.23 ലക്ഷം കോടി ഡോളറിന്റെയും ജര്‍മനിക്ക് 4.74 ലക്ഷം കോടി ഡോളറിന്റെയും ജി.ഡി.പിയാണുള്ളത്. ഇന്ത്യയേക്കാള്‍ ഏഴ് മടങ്ങ് കൂടുതലാണ് യു.എസിന്റെ ജി.ഡി.പി. 2047ലെത്തുമ്പോള്‍ 30 ലക്ഷം കോടി ഡോളര്‍ ജി.ഡി.പിയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആളോഹരി വരുമാനത്തില്‍ 144

ജി.ഡി.പിയുടെ കാര്യത്തില്‍ മികച്ച മികച്ച മുന്നേറ്റമുണ്ടാക്കിയെങ്കിലും ആളോഹരി വരുമാനത്തില്‍ (Per capita Income) ഇന്ത്യ ബഹുദൂരം പിന്നിലാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളെയും പിന്നിലാക്കി 144ാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഐ.എം.എഫിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാരുടെ ആളോഹരി വരുമാനം 2,850-2,900 വരെ അമേരിക്കന്‍ ഡോളറാണ് (ഏകദേശം 24,000 രൂപ). ലക്‌സംബര്‍ഗ് (1,41,080 ഡോളര്‍), സ്വിറ്റ്‌സര്‍ലാന്റ് (1,11,716 ,ഡോളര്‍), അയര്‍ലന്റ് (1,07,243 ഡോളര്‍) തുടങ്ങിയ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. എന്നാല്‍ 2013-14 വര്‍ഷത്തില്‍ 1,438 ഡോളര്‍ മാത്രമായിരുന്ന ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം പത്ത് വര്‍ഷത്തിനിപ്പുറം ഇരട്ടിയായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകബാങ്കിന്റെ കണക്ക് പ്രകാരം പ്രതിവര്‍ഷ ആളോഹരി വരുമാനം 14,005 ഡോളറില്‍ കൂടുതലുള്ള രാജ്യങ്ങളെയാണ് ഉയര്‍ന്ന വരുമാന ശേഷിയുള്ള അതിസമ്പന്ന രാജ്യമായി(High Income) കണക്കാക്കുന്നത്. 2047ലെത്തുമ്പോള്‍ ഇന്ത്യ ഈ പദവി കൈവരിക്കാനുള്ള ശേഷിയിലേക്ക് മാറുമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.

ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ 10 സാമ്പത്തിക ശക്തികള്‍ ഇവയാണ് (2025ലെ ഐ.എം.എഫ് കണക്ക് അനുസരിച്ച്)

1. യു.എസ്.എ - 30.51 ലക്ഷം കോടി ഡോളര്‍

2. ചൈന - 19.23 ലക്ഷം കോടി ഡോളര്‍

3. ജര്‍മനി - 4.74 ലക്ഷം കോടി ഡോളര്‍

4. ഇന്ത്യ -4.187 ലക്ഷം കോടി ഡോളര്‍

5. ജപ്പാന്‍ -4.186 ലക്ഷം കോടി ഡോളര്‍

6. യുണൈറ്റഡ് കിംഗ്ഡം - 3.84 ലക്ഷം കോടി ഡോളര്‍

7. ഫ്രാന്‍സ് - 3.21 ലക്ഷം കോടി ഡോളര്‍

8. ഇറ്റലി - 2.42 ലക്ഷം കോടി ഡോളര്‍

9. കാനഡ - 2.23 ലക്ഷം കോടി ഡോളര്‍

10. ബ്രസീല്‍ - 2.13 ലക്ഷം കോടി ഡോളര്‍

India has surpassed Japan to become the world’s fourth-largest economy with a GDP of $4.187 trillion, as confirmed by NITI Aayog CEO.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT