x.com/CMShehbaz, x.com/PMOIndia
News & Views

ഇന്ത്യന്‍ വിത്ത് അടിച്ചുമാറ്റി! 'ഉടമസ്ഥാവകാശം' തട്ടിയെടുക്കാന്‍ പാക് നീക്കം; ഡി.എന്‍.എ പരിശോധനയും!

ഇന്ത്യയില്‍ നിന്ന് വിത്തുകള്‍ മോഷ്ടിച്ച് പാക്കിസ്ഥാനിലെത്തിച്ചത് കൃഷി ചെയ്യുന്നുവെന്ന ഗുരുതര ആരോപണമാണ് കേന്ദ്രം ആഗോള ഫോറങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്

Dhanam News Desk

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളെ ലോകശ്രദ്ധയില്‍ എത്തിച്ചിരുന്നത്. എന്നാലിപ്പോഴിതാ ഇന്ത്യയുടെ തനത് അരി ഇനങ്ങള്‍ വ്യാജമായി ഉണ്ടാക്കി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന്റെ നീക്കമാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്. ഇന്ത്യയുടെ തനത് ബസുമതി അരി ഇനങ്ങളാണ് വിവാദങ്ങളുടെ കേന്ദ്രബിന്ദു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇനങ്ങളാണ് പുസ ബസ്മതി 1509, പുസ ബസ്മതി 1121 എന്നിവ. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എ.ആര്‍.ഐ) ആണ് ഈ വ്യത്യസ്ത ഇനങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഈ ഇനങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് വിത്തുകള്‍ മോഷ്ടിച്ച് പാക്കിസ്ഥാനിലെത്തിച്ച് കൃഷി ചെയ്യുന്നുവെന്ന ഗുരുതര ആരോപണമാണ് കേന്ദ്രം ആഗോള ഫോറങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്.

ഡി.എന്‍.എ പരിശോധന

പി.ജി.ഐ (പ്രൊട്ടക്റ്റഡ് ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍) ടാഗിനായി പാക്കിസ്ഥാന്‍ ഈ ഇനം അരിയില്‍ അവകാശവാദം ഉന്നയിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ സ്വന്തം ഇനങ്ങളാണ് ഇതെന്നും പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ അംഗീകരിക്കരുതെന്നും കേന്ദ്രം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അരിയുടെ ഡി.എന്‍.എ പരിശോധന ഫലങ്ങളും ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇന്ത്യ വികസിപ്പിച്ച അരി ഇനങ്ങള്‍ പാക്കിസ്ഥാന്‍ അനധികൃതമായി കൃഷി ചെയ്യുന്നതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത കേന്ദ്ര സര്‍ക്കാര്‍ ഉന്നതനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബസ്മതി അരിയുടെ വിവിധ ഇനങ്ങളുടെ പി.ജി.ഐ ടാഗിനായി ഇന്ത്യ 2018 ജൂലൈയില്‍ അപേക്ഷ നല്കിയിരുന്നു. ഇതേ ഇനങ്ങളുമായി പാക്കിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ടാഗിനായി രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്.

ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കുന്നതെങ്ങനെ?

ബസ്മതി കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും ന്യൂസിലന്‍ഡിലുമെല്ലാം ബസ്മതി അരിക്ക് വലിയ ഡിമാന്‍ഡാണുള്ളത്. ഓരോ വര്‍ഷം 50,000 കോടി രൂപയുടെ ബസ്മതി അരി ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. സാധാരണ അരി ഇനങ്ങളെക്കാള്‍ ഇരട്ടി വില ബസ്മതി അരിക്ക് ലഭിക്കും. ഇന്ത്യ വികസിപ്പിച്ചെടുത്ത ഇനങ്ങളുടെ വിത്ത് അനധികൃതമായി കൈവശപ്പെടുത്തി പാക്കിസ്ഥാന്‍ കൃഷി ചെയ്യുന്നത് ഇന്ത്യയെ ബാധിക്കുന്നു.

പാക്കിസ്ഥാന്‍ ഇതേ ഇനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയ്ക്കാണ് തിരിച്ചടി. ഇന്ത്യയില്‍ വികസിപ്പിച്ചിരിക്കുന്ന വിത്തുകള്‍ 'ഇന്ത്യന്‍ സീഡ്‌സ് ആക്ട് 1966'നും 'പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്‌സ് ആക്ട് 2001'നും കീഴിലുള്ളതാണ്. നിയമപ്രകാരം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഈ വിത്തുകള്‍ കൃഷി ചെയ്യുന്നതിനുള്ള പ്രത്യേക അവകാശം നല്‍കുന്നു. പാക്കിസ്ഥാന്‍ അനധികൃതമായി വിത്ത് കൈവശപ്പെടുത്തി കൃഷി ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT