News & Views

കോര്‍പ്പറേറ്റ് രംഗത്ത് ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഇന്ത്യ, കടുത്ത വിമര്‍ശനവുമായി ചൈന

Dhanam News Desk

ചൈന ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ ചൈന രംഗത്ത്. ഈ നടപടിയെ വിവേചനപരമെന്നാണ് ചൈന വിശേഷിപ്പിച്ചത്.

രണ്ടു ദിവസം മുമ്പാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും 'ഓട്ടോമാറ്റിക് റൂട്ട്' വഴി നിക്ഷേപം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഈ റൂട്ടിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പുകള്‍, ഇ - കോമേഴ്‌സ്, ഡിജിറ്റല്‍ മേഖല എന്നീ രംഗങ്ങളിലേക്ക് വന്‍ തോതില്‍ ഫണ്ട് വന്നിരുന്നു.

എച്ച്ഡിഎഫ്‌സിയില്‍ ചൈനയുടെ സെന്‍ട്രല്‍ ബാങ്ക്, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അടുത്തിടെ നിക്ഷേപം ഉയര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എച്ച് ഡി എഫ് സിയില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചിരുന്ന പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന, കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ മൂല്യത്തകര്‍ച്ച നേരിട്ട എച്ച്ഡിഎഫ്‌സിയും വാങ്ങി കൂട്ടി.

ഇതോടെ രാജ്യത്തെ കോര്‍പ്പറേറ്റുകളെ ചൈനയുടെ കച്ചവടക്കണ്ണില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇന്ത്യ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ സംബന്ധിച്ച നയത്തില്‍ പെട്ടെന്ന് മാറ്റം വരുത്തിയത്. ഇന്ത്യയുടെ നയം മാറ്റം നിക്ഷേപം ബുദ്ധിമുട്ടാക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസ്സിയിലെ വക്താവ് ജി റോങ് പ്രസ്താവനയില്‍ പ്രതികരിച്ചു.

''2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ചൈനയുടെ മൊത്തം നിക്ഷേപം എട്ട് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ കവിഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന മറ്റ് അയല്‍രാജ്യങ്ങളേക്കാള്‍ വളരെ ഏറെ കൂടുതലാണിത്. ഈ നയം മൂലം ചൈനീസ് നിക്ഷേപകരിലുണ്ടാകുന്ന പ്രത്യാഘാതം വളരെ വ്യക്തമാണ്. ഇന്ത്യയിലെ വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ചൈന നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മൊബീല്‍ ഫോണ്‍, ഗൃഹോപകരണ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യം, ഓട്ടോമൊബീല്‍ തുുടങ്ങിയ രംഗത്ത്. ഒട്ടനവധി തൊഴിലുകള്‍ ഇവിടെ സൃഷ്ടിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന, ഇരുപക്ഷത്തിനും നേട്ടമുണ്ടാകുന്ന സഹകരണമായിരുന്നു അത്,'' പ്രസ്താവന വിശദീകരിക്കുന്നു.

രാജ്യാന്തര വാണിജ്യ കരാറുകളുടെ ലംഘനമാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്ന ഗുരുതര ആരോപണവും ചൈന നടത്തുന്നുണ്ട്. എന്നാല്‍ ഈ പരാതി ഏതെങ്കിലും രാജ്യാന്തര വേദിയില്‍ ഉന്നയിക്കുമോയെന്ന കാര്യം വ്യക്തമല്ല.

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കോര്‍പ്പറേറ്റുകളില്‍ ചൈനീസ് കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് തടയാന്‍ ആസ്‌ത്രേലിയ, സ്‌പെയ്ന്‍ മുതലായ രാജ്യങ്ങളും നടപടികള്‍ സ്വീകരിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT