ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രതിസന്ധി മുതലെടുത്ത് കൊള്ളവില ഈടാക്കുന്നത് തടയാന്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് താല്‍ക്കാലിക യാത്രാക്കൂലി പരിധി (Fare Caps) നിശ്ചയിച്ച് മന്ത്രാലയം ഉത്തരവിറക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ദുരിതം വര്‍ധിച്ചത്. ഇത് മുതലെടുത്ത് മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടി. ഡല്‍ഹിയിലേക്ക് കൊച്ചിയില്‍ നിന്ന് 40,000 രൂപയും തിരുവനന്തപുരത്ത് നിന്ന് 70,000 രൂപയുമായിരുന്നു അടുത്ത ദിവസങ്ങളിലെ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക്. സാധാരണ 8,000 രൂപയാണ് ഈ റൂട്ടിലെ ശരാശരി ടിക്കറ്റ് നിരക്ക്. മറ്റ് സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും സമാനമായ നിരക്ക് വര്‍ധനയുണ്ടായിരുന്നു. ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നും സമാനമായ പരാതികള്‍ ഉയര്‍ന്നു.
തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍. സാധാരണയിലും കൂടിയ നിരക്കുകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കരുതെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു. നിലവിലെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കുന്നതുവരെ ഈ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ തുടരും.
പുതിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിന് പിന്നാലെ ജീവനക്കാരുടെ ക്ഷാമം നേരിട്ടതാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ താളം തെറ്റിച്ചത്. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്. പൈലറ്റുമാര്‍ക്ക് ആഴ്ചയില്‍ നല്‍കേണ്ട നിര്‍ബന്ധിത വിശ്രമത്തിന് കേന്ദ്രം താല്‍ക്കാലികമായി ഇളവ് അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine