ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്ക് വെള്ള അരി കയറ്റുമതി ചെയ്യാന്‍ അനുമതി. ബസുമതി ഇനത്തില്‍ പെടാത്ത രണ്ട് ലക്ഷം ടണ്‍ അരി കയറ്റുമതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡിനാണ് (എന്‍.സി.ഇ.എല്‍) കയറ്റുമതി ചുമതല നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സഹകരണ സൊസൈറ്റികളായ അമുല്‍, ഇഫ്‌കോ, നാഫെഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് എന്‍.സി.ഇ.എല്ലിന്റെ പ്രൊമോട്ടര്‍മാര്‍.
നല്‍കുന്നത് പ്രത്യേക അനുമതി
2023 ജുലൈ 20 മുതല്‍ ഇന്ത്യയില്‍ നിന്ന് ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയിലെ വര്‍ധിച്ച ആവശ്യങ്ങളെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം, മറ്റു രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ പ്രത്യേക ഉത്തരവിലൂടെ കയറ്റുമതിക്ക് അനുമതി നല്‍കി വരുന്നുണ്ട്. മലേഷ്യ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ രണ്ട് ലക്ഷം ടണ്‍ അരി കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ നേപ്പാള്‍, കാമറൂണ്‍, ഗ്വിനിയ, ഫിലിപ്പൈന്‍സ്, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും പ്രത്യേക ഉത്തരവിലൂടെ അരി കയറ്റി അയച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine