ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറില്‍ വേഗത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 90 ദിവസത്തെ താരിഫ് സസ്പെൻഷൻ കാലയളവിനുള്ളിൽ ഈ കരാര്‍ പ്രാബല്യത്തില്‍ എത്തിക്കാനുളള ശ്രമങ്ങളാണ് പരോഗമിക്കുന്നത്.
കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറൻസിൽ (ToR) ഇന്ത്യയും യുഎസും തമ്മില്‍ ഇതിനകം ധാരണയില്‍ എത്തിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന നിരക്കില്‍ താരിഫ് അന്തിമമാക്കാനുളള സാധ്യതകളാണ് ഇന്ത്യ കാണുന്നത്. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറിലായിരിക്കും എത്തുക. ഇരുവിഭാഗത്തിനും വിജയം അവകാശപ്പെടാവുന്ന ധാരണയിലെത്തിയാല്‍ 90 ദിവസത്തിനുള്ളിൽ കരാര്‍ അന്തിമമാക്കാന്‍ സാധിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുളള ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ (50,000 കോടി) ഡോളറായി വ്യാപാരം വര്‍ധിപ്പിക്കാനാണ് പദ്ധതി. വ്യാപാര കരാർ ചർച്ച ചെയ്യുന്നതിൽ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനായി ഇന്ത്യ യുഎസുമായി നിരന്തരമായി ഇടപെടല്‍ നടത്തി വരികയാണ്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഭൂരിഭാഗം ചർച്ചകളും നടക്കുന്നത്, ചില നേരിട്ടുളള സന്ദർശനങ്ങളും ഉണ്ടാകും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂലൈ 9 വരെ 90 ദിവസത്തേക്ക് 26 ശതമാനം തത്തുല്യ ഇറക്കുമതി ചുങ്കം ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്ക് നിർത്തിവെക്കുന്നതായി ട്രംപ് ഭരണകൂടം ഏപ്രിൽ 9 ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അടിസ്ഥാന താരിഫ് നിലനിൽക്കുന്നതാണ്.
അതേസമയം, രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുളള കരാറിലായിരിക്കും എത്തുകയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. തിടുക്കത്തിൽ നടപടികള്‍ സ്വീകരിക്കുന്നത് ഉചിതമല്ലെന്നും ഗോയല്‍ പറഞ്ഞു.
India and the US are accelerating efforts to finalize an interim trade deal within a 90-day tariff suspension window.
Read DhanamOnline in English
Subscribe to Dhanam Magazine