Image courtesy: Air India/fb  
News & Views

₹10,500 കോടി! വിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകും; പ്രതിസന്ധി കുറക്കാന്‍ ചൈനീസ് കുറുക്കുവഴി തേടി എയര്‍ ഇന്ത്യ

സിന്‍ജിയാംഗിലെ ചൈനയുടെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള വ്യോമപാത ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്

Dhanam News Desk

ഇന്ത്യന്‍ വ്യോമയാന വ്യവസായം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടി നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക വ്യോമയാന മേഖലയുടെ നഷ്ടം 9,500 മുതല്‍ 10,500 കോടി രൂപ വരെ ആകുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എയുടെ റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകാത്തതും പുതിയ വിമാനങ്ങള്‍ വാങ്ങിയതുമാണ് കമ്പനികളുടെ നഷ്ടം ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. തദ്ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ 4-6 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെങ്കിലും കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 5,500 കോടി രൂപയുടെ നഷ്ടമാണ് വിപണിക്കുണ്ടായത്. ഇക്കുറി ഇരട്ടിയാകും. എന്നാല്‍ 2021-22, 2022-23 കാലഘട്ടത്തില്‍ നേരിട്ട നഷ്ടത്തേക്കാള്‍ കുറവായിരിക്കും ഇത്. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 21,600 കോടി രൂപയും 17,900 കോടി രൂപയും നഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 7.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 16.53 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ നേട്ടമുണ്ടാകില്ല. അതിര്‍ത്തിയിലെ സംഘര്‍ഷം, ആഗോള പ്രതിസന്ധി, അഹമ്മദാബാദ് വിമാന ദുരന്തം എന്നിവ തിരിച്ചടിയായി.

ഒക്ടോബറില്‍ 1.43 കോടി യാത്രക്കാര്‍

ഇക്കൊല്ലം ഒക്ടോബറില്‍ പ്രാദേശിക യാത്രക്കാരുടെ എണ്ണം 1.43 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 4.5 ശതമാനവും സെപ്റ്റംബറിനേക്കാള്‍ 12.9 ശതമാനവും വളര്‍ച്ചയാണിത്. വിമാനങ്ങളുടെയും സര്‍വീസുകളുടെയും എണ്ണം വര്‍ധിപ്പിച്ചതാണ് ഇതിനുള്ള കാരണം. ഒക്‌ടോബറില്‍ ഏതാണ്ട് 99,816 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്.

ചൈനീസ് കുറുക്കുവഴി

അതിനിടെ സാമ്പത്തിക പ്രതിസന്ധി കുറക്കുന്നതിന്റെ ഭാഗമായി ചൈനീസ് വ്യോമപാത ഉപയോഗിക്കാനുള്ള അനുമതിക്കായി എയര്‍ ഇന്ത്യ ശ്രമങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സിന്‍ജിയാംഗിലെ ചൈനയുടെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള വ്യോമപാത ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്. യു.എസ്, യൂറോപ്പ്, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ ഉയര്‍ന്ന മലനിരകളുള്ള ഈ പ്രദേശം സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഒഴിവാക്കുകയാണ് പതിവ്. കൂടാതെ ചൈനീസ് സൈന്യത്തിന്റെ നിര്‍ണായക കേന്ദ്രമായ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണിത്. ഇന്ത്യയുമായി തര്‍ക്കമുണ്ടായാല്‍ ചൈനീസ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം കണ്ടെത്തിയ സ്ഥലം കൂടിയാണിത്.

റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയതോടെ യു.എസ് വിമാനകമ്പനികള്‍ക്ക് റഷ്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലേക്കുള്ള യു.എസ് വിമാന സര്‍വീസുകളെയും ഇത് ബാധിച്ചു. ഇതോടെ റൂട്ടില്‍ എയര്‍ ഇന്ത്യയുടെ മേധാവിത്തമായിരുന്നു. എന്നാല്‍ പാക്ക് വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വാഷിംഗ്ടണ്‍ സര്‍വീസ് ഓഗസ്റ്റില്‍ നിറുത്തി. മൂന്ന് മണിക്കൂറോളം അധികം പറക്കേണ്ടതിനാല്‍ ഈ റൂട്ടുകളിലേക്കുള്ള മറ്റ് സര്‍വീസുകളും ലാഭകരമല്ലെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. എന്നാല്‍ ചൈനയിലെ ഹോട്ടന്‍ വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി ലഭിച്ചാല്‍ ഓരോ ആഴ്ചയും 1.13 മില്യന്‍ ഡോളര്‍ വീതം ലാഭിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍.

The Indian domestic aviation sector is set to face a substantial loss of ₹9,500-10,500 crore in FY26, as passenger growth slows and costs rise.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT