Courtesy: Canva
News & Views

ചൈനയുടെ വീഴ്ച്ച മുതലാക്കി ഇന്ത്യയും വിയറ്റ്‌നാമും! സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് അതിവേഗ കുതിപ്പ്

മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി സമാന കാലയളവില്‍ 13 ശതമാനത്തില്‍ നിന്ന് 44 ശതമാനത്തിലേക്ക് വലിയ കുതിച്ചുചാട്ടം നടത്തി

Dhanam News Desk

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ ചൈനയുടെ ആധിപത്യമായിരുന്നു അടുത്ത കാലം വരെ. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കും കമ്പനികള്‍ക്കും മേല്‍ ആഗോള തലത്തില്‍ നിയന്ത്രണം വന്നതോടെ കമ്പനികളെല്ലാം മറ്റു വഴികള്‍ നോക്കി തുടങ്ങി. ചൈനീസ് ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്ക് ഗുണകരമാകുകയും ചെയ്തു.

ഡേറ്റ റിസര്‍ച്ച് കമ്പനിയായ കനാലിസ് (Canalys) നടത്തിയ പഠനത്തില്‍ 2024നെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ ചൈനയില്‍ നിന്ന് യു.എസിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം യു.എസ് വിഹിതത്തില്‍ 61 ശതമാനവും ചൈനയ്ക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം സമാന സമയത്ത് ഇത് 25 ശതമാനമായി ഇടിഞ്ഞു.

വിയറ്റ്‌നാമിനും നേട്ടം

മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി സമാന കാലയളവില്‍ 13 ശതമാനത്തില്‍ നിന്ന് 44 ശതമാനത്തിലേക്ക് വലിയ കുതിച്ചുചാട്ടം നടത്തി. ചൈനയ്ക്ക് നേരിടേണ്ടി വന്ന തിരിച്ചടി ഇന്ത്യ കൃത്യമായി മുതലാക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസിലേക്കുള്ള ഫോണ്‍ കയറ്റുമതിയില്‍ മൂന്നാംസ്ഥാനത്തുള്ള വിയറ്റ്‌നാമിനും നേട്ടമുണ്ടാക്കാനായി. ഇക്കാലയളവില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള കയറ്റുമതി 24 ശതമാനത്തില്‍ നിന്ന് 30ലേക്ക് ഉയര്‍ത്താനായി.

ആപ്പിള്‍ ഐഫോണ്‍ മാത്രമല്ല ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കയറ്റുമതി നടത്തിയിരിക്കുന്നത്. സാംസംഗ്, മോട്ടോറോള കമ്പനികളും ഇന്ത്യയില്‍ കൂടുതല്‍ ഉത്പാദനം തുടങ്ങിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആപ്പിളിനെ അപേക്ഷിച്ച് സാംസംഗിന്റെയും മോട്ടോറോളയുടെയും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി താരതമ്യേന കുറവാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയെന്ന ഹബ്ബിനെ കൂടുതല്‍ ആശ്രയിക്കാനാണ് ഈ കമ്പനികളുടെയും പ്ലാന്‍.

ഒട്ടുമിക്ക ഇലക്‌ട്രോണിക്‌സ് കമ്പനികളും ചൈനയില്‍ നിന്നുള്ള ഉത്പാദനം സമീപഭാവിയില്‍ കുറയ്ക്കുമെന്ന സൂചനകളാണ് വരുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പല രാജ്യങ്ങളും കരുതുന്നു. മാത്രമല്ല, ചൈനയിലെ സാന്നിധ്യം യു.എസ് പോലെയുള്ള വലിയ വിപണികളിലേക്കുള്ള കടക്കുന്നതിനെ തടയുമെന്നും കമ്പനികള്‍ ഭയക്കുന്നുണ്ട്.

India and Vietnam gain export momentum in global smartphone market amid China's decline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT