India-Pak ceasefire Canva
News & Views

പാക് ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഒളിച്ചു കടത്താന്‍ സാധ്യത! ഇനി കസ്റ്റംസ് പരിശോധന ഇങ്ങനെ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധവും ഇന്ത്യ അവസാനിപ്പിച്ചിരുന്നു

Dhanam News Desk

മറ്റ് രാജ്യങ്ങളിലൂടെ പാക് ഉത്പന്നങ്ങള്‍ എത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കി ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധവും ഇന്ത്യ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ യു.എ.ഇ പോലുള്ള രാജ്യങ്ങളില്‍ എത്തിച്ച ശേഷം പാക് ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കരുതുന്നത്. ഈ സാഹചര്യത്തില്‍ യു.എ.ഇ, ഇറാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ കര്‍ശന കസ്റ്റംസ് പരിശോധനക്ക് വിധേയമാകും.

പരിശോധന കടുപ്പിക്കും

പാകിസ്ഥാനില്‍ ഉത്പാദിപ്പിക്കുന്ന ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ് അടക്കമുള്ള ഉത്പന്നങ്ങള്‍ യു.എ.ഇയിലെത്തിയ ശേഷം ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ഇന്ത്യ യു.എ.ഇക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എ.ഇയില്‍ ഉത്പാദിപ്പിച്ചതെന്ന പേരിലായിരുന്നു ഇവ കടത്തുന്നത്. ഇത് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാര ഉടമ്പടിയുടെ ലംഘനമാണെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് തടയാന്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നും ചില ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബുകളില്‍ നിന്നും എത്തുന്ന ഉത്പന്നങ്ങളുടെ ഉറവിട രാജ്യം (Country of Origin) പരിശോധിക്കാനാണ് തീരുമാനം.

ഇന്ത്യ-പാക് ഇടപാട്

അതേസമയം, വ്യാപാര ബന്ധം പെട്ടെന്ന് വിച്ഛേദിച്ചതോടെ കനത്ത നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പരാതി. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ വ്യാപാര കരാറിനെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2018-19 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 4,370 കോടി രൂപയുടെ വ്യാപാര ഇടപാട് നടന്നെന്നാണ് കണക്ക്. എന്നാലിത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,257 കോടി രൂപയായി താഴ്ന്നിരുന്നു. 2019 മുതല്‍ പാക് ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെയാണിത്. എന്നാല്‍ 26 ഇന്ത്യക്കാരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പര വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യ-യു.എ.ഇ വ്യാപാരം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) ഇന്ത്യ യു.എ.ഇയിലേക്ക് കയറ്റി അയച്ചത് 36.33 ബില്യന്‍ ഡോളറിന്റെ (ഏകദേശം 3.13 ലക്ഷം കോടി) ഉത്പന്നങ്ങളാണ്. 63.42 ബില്യന്‍ ഡോളറിന്റെ (ഏകദേശം 5.42 ലക്ഷം കോടി രൂപ) ഉത്പന്നങ്ങള്‍ യു.എ.ഇയില്‍ നിന്നും ഇറക്കുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 270.4 മില്യന്‍ ഡോളര്‍ മൂല്യമുള്ള ഈത്തപ്പഴമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ പകുതിയോളവും യു.എ.ഇയില്‍ നിന്നാണ്. കൃത്യമായി പറഞ്ഞാല്‍ 123.82 മില്യന്‍ ഡോളറിന്റേത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT