Flights Canva
News & Views

26 മുതല്‍ ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ്, മാറ്റം അഞ്ച് വര്‍ഷത്തിന് ശേഷം, ആദ്യ സര്‍വീസ് ഈ വിമാനത്താവളത്തില്‍ നിന്ന്

ട്രംപിന്റെ താരിഫ് യുദ്ധം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു

Dhanam News Desk

നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. ഈ മാസം 26 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ ലോകത്തിലെ രണ്ട് വന്‍ ശക്തികള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമാണിത്. ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങുമെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് ഇന്ത്യയും ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2020ല്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഇത് പുനരാരംഭിച്ചതുമില്ല. നിലവില്‍ ഹോംകോംഗിലോ സിംഗപ്പൂരിലോ എത്തിയാണ് ഇരുരാജ്യത്തേക്കുമുള്ള യാത്ര സാധ്യമാകുന്നത്. എന്നാല്‍ ട്രംപിന്റെ താരിഫ് യുദ്ധം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരവും നിക്ഷേപങ്ങളും പുനസ്ഥാപിക്കാന്‍ ധാരണയിലെത്തി.

അതേസമയം, ഒക്ടോബര്‍ 26 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നിന്ന് തെക്കന്‍ ചൈനയിലെ ഗുവാന്‍ഷു (Guangzhou)വിലേക്ക് പ്രതിദിന സര്‍വീസാണ് ഇന്‍ഡിഗോ നടത്തുക. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസും ഉടന്‍ ആരംഭിക്കും. ചൈനയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നത് വിമാനക്കമ്പനികളുടെ ആഗോള വളര്‍ച്ചക്കും സഹായകമാണ്. എയര്‍ ഇന്ത്യയും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് നിലപാടിലാണ്. ചൈനീസ് വിമാനക്കമ്പനികളും ഇതിനുള്ള ഒരുക്കത്തിലാണ്.

Direct flights between India and China to restart after five-year suspension. IndiGo and Air India to launch new services from October 26, boosting travel, business, and ties.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT