Facebook / Narendra Modi
News & Views

ട്രംപിന്റെ ബദല്‍ തീരുവക്ക് തടയിടാന്‍ ഇന്ത്യ, കൂടുതല്‍ നികുതി ഇളവുണ്ടാകും, മാര്‍ച്ച് നാല് മുതല്‍ താരിഫ് യുദ്ധം, വിപണികള്‍ കട്ടച്ചുവപ്പില്‍

മാര്‍ച്ച് നാല് മുതല്‍ കാനഡ, മെക്‌സിക്കോ, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ ട്രംപ്

Dhanam News Desk

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്ക് തടയിടാന്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതിയിളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങള്‍, ചില കാര്‍ഷിക ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം ഇനിയും കുറക്കാനുള്ള സാധ്യതയാണ് കേന്ദ്രം തേടുന്നത്. യു.എസില്‍ നിന്നുള്ള മോട്ടോര്‍ ബൈക്കുകള്‍, മദ്യം എന്നിവക്ക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നികുതി ഇളവിനേക്കാള്‍ സമഗ്രമായ ഇളവുകളായിരിക്കും ഇത്തവണയുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ലെന്നും റിപോര്‍ട്ട് തുടരുന്നു.

ബദല്‍ താരിഫില്‍ നിന്നും രക്ഷയുണ്ടാകുമോ?

യു.എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമിത തീരുവ ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ബദല്‍ താരിഫ് ഈടാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ ബ്രാന്‍ഡുകളെ സംരക്ഷിക്കാന്‍ വേണ്ടി യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അമിത നികുതി ചുമത്തുന്നുവെന്നാണ് ട്രംപിന്റെ പരാതി. ഇതിന് പരിഹാരം കാണാന്‍ മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു. രാജ്യത്തെ നിലവിലെ നികുതി ഘടനയെ വിവിധ തലങ്ങളില്‍ നിന്നും പരിശോധിക്കാനാണ് കേന്ദ്രനീക്കം. ഇറക്കുമതി ചുങ്കത്തിന് മൊത്തത്തില്‍ കുറവ് വരുത്തണോ ഓരോ മേഖലയിലും പ്രത്യേകം പരിഷ്‌ക്കാരം നടപ്പിലാക്കണോ എന്നാണ് പരിശോധിക്കുന്നത്. ഇറക്കുമതി നികുതി കുറച്ച് ട്രംപിന്റെ ബദല്‍ താരിഫില്‍ നിന്നും രക്ഷനേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

എന്നാല്‍ ഇറക്കുമതി ചുങ്കം ഉദാരമാക്കുന്നത് പല ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും ഭീഷണിയാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

മാര്‍ച്ച് നാല് മുതല്‍ താരിഫ് യുദ്ധം!

അതേസമയം, മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി താരിഫ് മാര്‍ച്ച് നാല് മുതല്‍ നിലവില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. മാരക മയക്കുമരുന്നുകള്‍ യു.എസില്‍ എത്തിക്കുന്നുവെന്ന് ആരോപിച്ചാണ് കാനഡക്കും മെക്‌സിക്കോക്കും മേല്‍ 25 ശതമാനം ഇറക്കുമതി ചുങ്കവും ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക നികുതിയും ചുമത്താന്‍ ട്രംപ് തീരുമാനിച്ചത്. നിരന്തരമായി മുന്നറിയിപ്പ് നല്‍കിയിട്ടും ഫെന്റാനില്‍ എന്ന മയക്കുമരുന്ന് വ്യാപകമായി യു.എസിലേക്ക് എത്തിക്കുകയാണെന്നും ഇറക്കുമതി ചുങ്കം രാജ്യങ്ങളെ മാറിചിന്തിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

എന്നാല്‍ ട്രംപിന്റെ നീക്കത്തിന് ശക്തമായ മറുപടി നല്‍കുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മറുപടി. അന്യായകരമായ ഇറക്കുമതി ചുങ്കം ഒഴിവാക്കാന്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണികള്‍ കട്ടച്ചുവപ്പില്‍

താരിഫ് യുദ്ധം കടുക്കുമെന്ന് ഉറപ്പായതോടെ ആഗോള സമ്പദ് വ്യവസ്ഥ കടുത്ത ഭീഷണിയിലാണ്. പണപ്പെരുപ്പം കൂടുമെന്നും നിര്‍മാണ മേഖലയുടെ വളര്‍ച്ച കുറയുമെന്നുമാണ് നിക്ഷേപകരുടെ ആശങ്ക. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യന്‍ വിപണികള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. യു.എസ് വിപണിയും കഴിഞ്ഞ ദിവസം നഷ്ടത്തിലായിരുന്നു. വിദേശനിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ ഇന്നും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT