canva
News & Views

ഇന്ത്യയില്‍ വന്‍ നിധിശേഖരം! ഈ പിന്നോക്ക സംസ്ഥാനത്തിന് ജാക്‌പോട്ട്; സ്വര്‍ണ ഖനനം വൈകില്ല

സംസ്ഥാനത്തിന്റെ തലവര മാറ്റിയേക്കാവുന്ന കണ്ടെത്തല്‍, ഖനനം ഉടനുണ്ടായേക്കും

Dhanam News Desk

അടുത്തിടെ പാക്കിസ്ഥാനില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയിലാണ് 80,000 കോടി രൂപയിലധികം മൂല്യം വരുന്ന സ്വര്‍ണസാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ വാര്‍ത്ത പുറത്തു വന്ന് ദിവസങ്ങള്‍ക്കകം ഇന്ത്യയിലും സ്വര്‍ണശേഖരം കണ്ടെത്തിയിരിക്കുന്നു. ഒഡീഷയിലാണ് വന്‍തോതില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഖനന വകുപ്പ് കൈകാര്യം ചെയ്യുന്ന ബിഭൂതി ഭൂഷണ്‍ ജെന ആണ് ഇക്കാര്യം ഒഡീഷ നിയമസഭയെ അറിയിച്ചിരിക്കുന്നത്. സുന്ദര്‍ഗഡ്, അംഗൂല്‍, നബ്‌രംഗ്പൂര്‍, കൊറാപുട്ട് എന്നിവിടങ്ങളിലാണ് മൂല്യമേറിയ സ്വര്‍ണത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയില്‍ പുതിയ സംഭവവികാസങ്ങള്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഖനനം വൈകില്ല

ഖനനം ആരംഭിക്കുന്നതിന്റെ ഭാഗമായി ദിയോഗഢിലെ സ്വര്‍ണ ഖനന ബ്ലോക്ക് ലേലം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ ധാതു, ഖനന മേഖലയില്‍ വഴിത്തിരിവാകും പുതിയ സംഭവവികാസങ്ങളെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.

അടുത്തിടെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒഡീഷയിലെ വിവിധ മേഖലകളില്‍ കോപ്പറിനായി നടത്തിയ പര്യവേക്ഷണത്തിനിടെ സ്വര്‍ണത്തിന്റെ വ്യാപക ശേഖരത്തിനുള്ള സാധ്യതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും സ്വര്‍ണശേഖരം കണ്ടെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.

ചൈനയിലും പാക്കിസ്ഥാനിലും

കഴിഞ്ഞ വര്‍ഷം നവംബറില്‍ 8,300 കോടി യു.എസ് ഡോളര്‍ മൂല്യമുള്ള സ്വര്‍ണശേഖരം ചൈനയില്‍ കണ്ടെത്തിയിരുന്നു. വടക്കുകിഴക്കന്‍ ഹുനാന്‍ പ്രവിശ്യയിലായിരുന്നു ഇത്. മൂന്ന് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഇവിടെ സ്വര്‍ണം കിടന്നിരുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യമാണ് ചൈന. ആഗോള ഉത്പാദനത്തിന്റെ 10 ശതമാനവും ചൈനയില്‍ നിന്നാണ്.

ഈ വര്‍ഷം ജനുവരിയിലാണ് പാക്കിസ്ഥാനില്‍ സ്വര്‍ണശേഖരം കണ്ടെത്തുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ കണ്ടെത്തിയ ഈ സ്വര്‍ണശേഖരത്തെക്കുറിച്ച് വാര്‍ത്ത പ്രചരിച്ചതോടെ പ്രദേശവാസികള്‍ ചെറിയതോതില്‍ ഖനനം ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചാണ് ഈ മേഖലയെ സംരംക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT