x.com/realDonaldTrump, x.com/narendramodi
News & Views

റഷ്യന്‍ എണ്ണ വാങ്ങല്‍ ഇന്ത്യ നിര്‍ത്തിയെന്ന് ട്രംപ്, ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍! വ്യാപാരയുദ്ധത്തില്‍ എന്തുസംഭവിക്കും?

റഷ്യയില്‍ നിന്ന് സ്ഥിരമായി എണ്ണ വാങ്ങിയിരുന്ന ഈ പൊതുമേഖല കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എണ്ണയ്ക്കായി തിരിഞ്ഞെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി എണ്ണ വാങ്ങലിനായി ചര്‍ച്ച നടക്കുന്നതായും സൂചനകളുണ്ട്

Dhanam News Desk

റഷ്യന്‍ ക്രൂഡ്ഓയില്‍ വാങ്ങലില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഇന്ത്യ തീരുമാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ ആശയക്കുഴപ്പം. വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് എണ്ണവിഷയത്തില്‍ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണവാങ്ങില്ലെന്ന് കേട്ടതായും ഇത് കൃത്യമാണോ ഇല്ലെയോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.

ട്രംപിന്റെ അവകാശവാദങ്ങളെ ഭാഗികമായി തള്ളുന്ന പ്രതികരണമാണ് വിദേശ കാര്യമന്ത്രാലയം നടത്തിയിരിക്കുന്നത്. റഷ്യന്‍ എണ്ണയോട് അകലം പാലിക്കുന്ന തരത്തിലുള്ള വാര്‍ത്തകളുടെ നിജസ്ഥിതി അറിയില്ല. രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയുള്ള നിലപാടുകളാണ് കേന്ദ്രത്തിന് ഇക്കാര്യത്തിലുള്ളത്.

മാര്‍ക്കറ്റ് ലഭ്യതയും ആഗോള തലത്തില്‍ നിലനില്‍ക്കുക സാഹചര്യങ്ങളും പരിഗണിച്ചാണ് എണ്ണ വാങ്ങല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ നിലപാടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

നീക്കം തന്ത്രപൂര്‍വം

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഇന്ത്യന്‍ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മാംഗളൂര്‍ റിഫൈനറി പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ കഴിഞ്ഞയാഴ്ച്ചകളില്‍ റഷ്യന്‍ ഇടപാടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

റഷ്യയില്‍ നിന്ന് സ്ഥിരമായി എണ്ണ വാങ്ങിയിരുന്ന ഈ പൊതുമേഖല കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എണ്ണയ്ക്കായി തിരിഞ്ഞെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി എണ്ണ വാങ്ങലിനായി ചര്‍ച്ച നടക്കുന്നതായും സൂചനകളുണ്ട്. സ്വകാര്യ എണ്ണ കമ്പനികളായ നയാര എനര്‍ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് റഷ്യന്‍ എണ്ണ വാങ്ങലുകാരില്‍ മുന്നിലുള്ളത്.

ഇന്ത്യയ്ക്ക് പ്രതിസന്ധിയോ?

വ്യാപാര കരാര്‍ മുതല്‍ റഷ്യന്‍ എണ്ണ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യു.എസുമായി ഏറ്റുമുട്ടലിന്റെ പാതയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ വലിയ സാമ്പത്തികശക്തിയായി വളര്‍ന്നു വരുന്നതിനോട് ട്രംപിന് വലിയ താല്പര്യമില്ലെന്നതിന്റെ സൂചനകളാണ് പാക്കിസ്ഥാനോടുള്ള അതിരുവിട്ട സ്‌നേഹത്തില്‍ നിന്ന് മനസിലാക്കുന്നത്. എല്ലാക്കാലവും യു.എസുമായി ചേർന്നു പോകുമെന്ന ധാരണ വേണ്ടെന്ന് അടുത്ത കാലത്ത് ഇന്ത്യ പറയാതെ പറയുകയും ചെയ്തിട്ടുണ്ട്.

യു.എസിനോടുള്ള ആശ്രിതത്വ മനോഭാവത്തില്‍ നിന്ന് മറ്റ് ലോകരാജ്യങ്ങള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനെ തകര്‍ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന ചിന്താഗതിയാണ് ഈ രാജ്യങ്ങള്‍ക്ക്. പുതിയ ലോകക്രമത്തില്‍ യു.എസിന്റെ വിലപേശല്‍ ശേഷി പണ്ടത്തെ പോലെ അത്ര വലിയ പ്രതിസന്ധി ഇന്ത്യയ്ക്ക് സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍.

Conflicting claims emerge over India's Russian oil imports amid evolving US-India trade tensions

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT