Canva, amazon, flipkart
News & Views

വ്യാപാരികള്‍ക്കു നേരെ വ്യാളിയായി വ്യാപാരച്ചുങ്കം, ഇ-കൊമേഴ്‌സില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ആമസോണും വാള്‍മാര്‍ട്ടും, മോദിസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കി യു.എസ്

വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും ഇടയിലുള്ള ഇടനിലക്കാരന്റെ റോള്‍ മാത്രമാണ് യു.എസ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ളത്

Dhanam News Desk

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് പൂര്‍ണമായും തുറന്ന് നല്‍കണമെന്ന ആവശ്യവുമായി യു.എസ്.എ. 125 ബില്യന്‍ ഡോളർ (ഏകദേശം 10 ലക്ഷം കോടി) മൂല്യമുള്ള ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ യു.എസ് കമ്പനികളായ ആമസോണിനും വാള്‍മാര്‍ട്ടിനും പൂര്‍ണ പ്രവര്‍ത്തനാധികാരം നല്‍കണമെന്നാണ് ആവശ്യം. തത്തുല്യ തീരുവയില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ത്യക്ക് മുന്നില്‍ യു.എസ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇതാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ യു.എസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് തുടരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന രീതിയിലുള്ള വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് യോഗത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. യു.എസിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം തത്തുല്യതീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സമവായ ചര്‍ച്ചകള്‍ക്കായി 90 ദിവസത്തെ അവധിയും ട്രംപ് അനുവദിച്ചിട്ടുണ്ട്.

നിലവിലെ നിയമം ഇങ്ങനെ

ഇ-കൊമേഴ്‌സ് മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും കര്‍ശനമായ നിബന്ധനകള്‍ നിലവിലുണ്ട്. മറ്റുള്ളവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്ന മാര്‍ക്കറ്റ്‌പ്ലേസ് പോലെ പ്രവര്‍ത്തിക്കാനാണ് യു.എസ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നിലവില്‍ ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. അതായത് വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും ഇടയിലുള്ള ഇടനിലക്കാരന്റെ റോള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. ഇന്‍വെന്ററി സൂക്ഷിക്കാന്‍ അനുമതി നല്‍കില്ലെന്ന് മാത്രമല്ല രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിരന്തരം പരിശോധിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കാനും അവ വില്‍ക്കാനും അനുമതിയുണ്ട്. ഇത് അനീതിയാണെന്നും യു.എസ് കമ്പനികള്‍ക്ക് പൂര്‍ണ പ്രവര്‍ത്തനാധികാരം നല്‍കണമെന്നുമാണ് യു.എസ് ആവശ്യം.

പരാതി പറഞ്ഞത് വാള്‍മാര്‍ട്ട് മുതലാളി

ഇന്ത്യയില്‍ വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നില്ലെന്ന കാര്യം വാള്‍മാര്‍ട്ട് മേധാവി ഡഗ് മാക് മിലനാണ് (Doug McMillon) യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നിലെത്തിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ വ്യവസായികളിലൊന്നാണ് മാക് മിലന്‍. കഴിഞ്ഞ ദിവസം യു.എസിലെ പ്രധാന റീട്ടെയില്‍ കമ്പനി പ്രതിനിധികളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലും മാക് മിലന്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥാവകാശം വാള്‍മാര്‍ട്ടിനാണ്. 2006 മുതല്‍ ഇന്ത്യന്‍ റീട്ടെയില്‍ വിപണിയിലേക്ക് യു.എസ് കമ്പനികള്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് കെണിയാകും

അതേസമയം, യു.എസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ആശങ്ക. രാജ്യത്തെ ഒമ്പത് കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനും ഭീഷണിയാണിത്. ഇ-കൊമേഴ്‌സ് മേഖലയില്‍ വിദേശനിക്ഷേപം നല്ലതാണെങ്കിലും ചെറുകിട വ്യാപാരികളുടെ താത്പര്യങ്ങളും സംരക്ഷിക്കണമെന്ന് ബി.ജെ.പി എം.പിയും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറിയുമായ പ്രവീണ്‍ ഖണ്ഡേവാള്‍ പറയുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ-യു.എസ് സര്‍ക്കാരുകളോ ആമസോണ്‍, വാള്‍മാര്‍ട്ട് കമ്പനികളോ തയ്യാറായിട്ടില്ല.

India faces global tariff pressure to grant full market access to Amazon and Flipkart

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT