നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതി 46-50 ബില്യന്‍ ഡോളറിലെത്തുമെന്ന് (ഏകദേശം 4.3 ലക്ഷം കോടി രൂപ) പ്രതീക്ഷ. ഇക്കൊല്ലത്തെ ആദ്യ മൂന്ന് മാസം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 47 ശതമാനം വര്‍ധിച്ച് 12.4 ബില്യന്‍ ഡോളര്‍ (ഏകദേശം ഒരുലക്ഷം കോടി രൂപ) എത്തി. ഇതില്‍ ഏറെയും ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകളാണെന്നതും ശ്രദ്ധേയം. അതേസമയം, ഇന്ത്യന്‍ കയറ്റുമതിയുടെ പകുതിയോളവും യു.എസിലേക്കാണെന്നും ഇതില്‍ ട്രംപിന്റെ താരിഫ് ഏല്‍പ്പിക്കുന്ന ആഘാതം കണക്കാക്കിയിട്ടില്ലെന്നും ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐ.സി.ഇ.എ) വ്യക്തമാക്കി.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 29.1 ബില്യന്‍ ഡോളറായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 38.6 ബില്യന്‍ ഡോളറായി വര്‍ധിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ഇലക്ട്രോണിക്‌സ് കയറ്റുമതി 1.09 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ട്രംപിന്റെ താരിഫ് നിലവില്‍ വരുന്നതിന് മുമ്പ് യു.എസിലേക്കുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി കൂടിയതാണ് വര്‍ധനക്ക് കാരണം. ഇതോടെ മൊബൈല്‍ ഫോണുകളുടെ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധിച്ച് 7.6 ബില്യന്‍ ഡോളറിലെത്തി (ഏകദേശം 66,500 കോടി രൂപ).
സോളാര്‍ മൊഡ്യൂളുകള്‍, നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍, ചാര്‍ജര്‍ അഡാപ്റ്ററുകള്‍, ഇലക്ട്രോണിക് കംപോണന്റുകള്‍ എന്നിവയുടെ കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ധിച്ചു. ആദ്യ മൂന്ന് മാസത്തില്‍ 4.8 ബില്യന്‍ ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ കയറ്റുമതി ചെയ്തതെന്നും കണക്കുകള്‍ പറയുന്നു. നോണ്‍ മൊബൈല്‍ കാറ്റഗറിയില്‍ പെട്ട ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ഐ.സി.ഇ.എ ആവശ്യപ്പെട്ടു. ആഗോള തലത്തില്‍ മത്സരിക്കാന്‍ പ്രാപ്തമായ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ ആഗോള ഇലക്ട്രോണിക്‌സ് വിപണിയില്‍ ഇന്ത്യക്ക് ശ്രദ്ധേയമായ സ്ഥാനം നേടാനാകുമെന്നും ഇവര്‍ പറയുന്നു.
ഐ.ടി ഹാര്‍ഡ്‌വെയര്‍, ധരിക്കാവുന്ന ഗാഡ്‌ജെറ്റുകള്‍, ഹിയറബിള്‍സ് (ഹെഡ്‌സെറ്റ് പോലുള്ളവ) കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്നിവയുടെ കയറ്റുമതി ഇനി വര്‍ധിക്കുമെന്നാണ് ഐ.സി.ഇ.എയുടെ പ്രതീക്ഷ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇലക്ട്രോണിക്‌സ് മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യന്‍ മാത്രമായിരുന്നു ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മാണം. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 133 ബില്യന്‍ ഡോളറിന്റേതായി വളര്‍ന്നു. ഇനിയാണ് ശരിക്കുള്ള സാധ്യത ഇന്ത്യക്ക് മുന്നില്‍ തുറക്കുന്നതെന്നും ഐ.സി.ഇ.എ ചെയര്‍മാന്‍ പങ്കജ് മൊഹിന്ദ്രോ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine