News & Views

ചൈനയെ നാടുകടത്തിയോ ഇന്ത്യന്‍ വിപണി? ഈ ദീപാവലിക്കാലത്ത് പ്രതീക്ഷിക്കുന്ന വില്‍പന എത്രയെന്നാണ് ഊഹം?

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പങ്കുവെച്ച രണ്ട് പ്രധാന കാര്യങ്ങളുണ്ട്

Dhanam News Desk

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പങ്കുവെച്ച രണ്ട് പ്രധാന കാര്യങ്ങളുണ്ട്.

ഒന്ന്: കഴിഞ്ഞ നാലഞ്ചു വര്‍ഷവുമായി തട്ടിച്ചു നോക്കിയാല്‍ ഇത്തവണ ദീപാവലിക്കാല വില്‍പന രാജ്യത്ത് റെക്കോര്‍ഡായിരിക്കും. ചില്ലറയല്ല. 4.75 ലക്ഷം കോടി രൂപയുടേത്.

രണ്ട്: ഈ ദീപാവലിക്കാലത്ത് പടക്കം ഉള്‍പ്പെടെ ചൈനീസ് ഉല്‍പന്നങ്ങള്‍ ഔട്ട്. സ്വദേശി ഉല്‍പന്നങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ വിപണിയെ ഭരിക്കുന്നത്. അതുകൊണ്ട് വിപണിയില്‍ വില്‍പനക്കും വരവിനുമൊരു സ്വദേശി ചന്തം ഉണ്ടായിരിക്കും.

35 നഗരങ്ങളില്‍ സര്‍വേ

സി.എ.ഐ.ടി സെക്രട്ടറി ജനറലും ചാന്ദ്‌നി ചൗക്ക് എം.പിയുമായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറയുന്നു: സംഘടന 35 നഗരങ്ങളില്‍ സര്‍വേ നടത്തിയിരുന്നു. ജി.എസ്.ടി ഇളവും അമേരിക്കന്‍ പ്രതികാര ചുങ്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിവിട്ട സ്വദേശി വികാരവും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

കോവിഡിന് ശേഷം 2021ല്‍ ദീപാവലിക്കാല വില്‍പന ഒന്നേകാല്‍ ലക്ഷം കോടിയായിരുന്നത് 2024ല്‍ 4.25 ലക്ഷം കോടിയായി വളര്‍ന്നിരുന്നു. ഈ വര്‍ഷം 50,000 കോടിയുടെ കൂടി അധിക വില്‍പനയാണ് പ്രതീക്ഷിക്കുന്നത്. ഫലത്തില്‍ 4.75 ലക്ഷം കോടി രൂപക്കു വരെ വില്‍പന നടക്കും. ഡല്‍ഹിയില്‍ മാത്രം 75,000 കോടിയുടെ ആഘോഷക്കാല വില്‍പനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപുലമായ വില്‍പന ഇത്തവണ

മണ്‍വിളക്ക്, വിഗ്രഹങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവ മുതല്‍ വീട്ടലങ്കാരങ്ങള്‍, ഫര്‍ണീച്ചര്‍, മറ്റു ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവ വരെയായി വിപുലമായ വില്‍പന ഇത്തവണ ഉണ്ടാകുമെന്ന് പറയുകയാണ് വ്യാപാരികളുടെ അഖിലേന്ത്യ കോണ്‍ഫെഡറേഷന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT