News & Views

300 കിലോമീറ്റര്‍ ടണലില്‍, സ്‌റ്റേഷനുകള്‍ 109, ആകെ ചെലവ് ₹4.5 ലക്ഷം കോടി; ഇസ്രയേലിന്റെ മെട്രോ റെയിലില്‍ ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം

23 നഗരങ്ങളിലായി 1,000ത്തിലേറെ കിലോമീറ്റര്‍ മെട്രോ നിര്‍മിച്ച് പരിചയമുള്ള നിരവധി ഇന്ത്യന്‍ കമ്പനികളുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ടെല്‍ അവീവ് മെട്രോയുടെ ഭാഗമാകണമെന്ന് ഇസ്രയേല്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതുതന്നെ

Dhanam News Desk

ഇസ്രയേലിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ ടെല്‍ അവീവ് മെട്രോ പ്രോജക്ടില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം ലഭിച്ചേക്കും. 2010 മുതല്‍ ഇസ്രയേലിന്റെ പരിഗണനയിലുള്ള പദ്ധതിക്ക് അടുത്തിടെ വേഗത കൈവന്നിരുന്നു. ഇന്ത്യന്‍ കമ്പനികളെ കൂട്ടുപിടിച്ച് 2032ഓടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് നീക്കം.

ടെല്‍ അവീവ് മെട്രോയുടെ നടത്തിപ്പ് ഏജന്‍സിസായ മെട്രോപോളിറ്റന്‍ മാസ് ട്രാന്‍സിറ്റ് സിസ്റ്റം ലിമിറ്റഡ് പ്രീക്വാളിഫിക്കേഷന്‍ പ്രക്രിയ ആരംഭിച്ചിരുന്നു. മെട്രോ നിര്‍മാണത്തില്‍ വൈദഗ്ധ്യവും പരിചയവുമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ടെല്‍അവീവ് മെട്രോ വലിയ അവസരമാണ് തുറന്നു നല്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍ സഹകരിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ ക്ഷണിക്കുന്നതായി അടുത്തിടെ ഇസ്രയേലി അധികൃതര്‍ അറിയിച്ചിരുന്നു.

ചെലവ് 4.5 ലക്ഷം കോടി രൂപ

ടെല്‍ അവീവ് മെട്രോ റെയിലിന്റെ ആകെ ചെലവ് 4.5 ലക്ഷം കോടി രൂപയാണ്. 2015ല്‍ ഈ പദ്ധതിയെക്കുറിച്ച് ആലോചന വന്നപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ ചെലവ് കൂടുതലാണിത്. ഇരുവശത്തേക്കും 300 കിലോമീറ്റര്‍ ടണലിലൂടെയാണ് ഈ മെട്രോ കടന്നുപോകുന്നത്. ചെലവ് വര്‍ധിക്കാനുള്ള കാരണവും ഇതുതന്നെ.

ആദ്യ ഘട്ടത്തില്‍ 59 സ്റ്റേഷനുകളും 78 കിലോമീറ്ററോളം ടണലിലൂടെയുമാകും മെട്രോ കടന്നു പോകുക. 2023ല്‍ ഇസ്രയേലില്‍ നടന്ന തീവ്രവാദി ആക്രമണം ടെല്‍ അവീവ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെ വലിയതോതില്‍ ബാധിച്ചിരുന്നു.

ഇന്ത്യ, ദക്ഷിണകൊറിയ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെട്രോ നിര്‍മാണ പരിചയമുള്ള കമ്പനികള്‍ ടെല്‍ അവീവ് മെട്രോ നിര്‍മാണ കരാറിനായി രംഗത്തെത്തുമെന്നാണ് വിവരം. 23 നഗരങ്ങളിലായി 1,000ത്തിലേറെ കിലോമീറ്റര്‍ മെട്രോ നിര്‍മിച്ച് പരിചയമുള്ള നിരവധി ഇന്ത്യന്‍ കമ്പനികളുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ടെല്‍ അവീവ് മെട്രോയുടെ ഭാഗമാകണമെന്ന് ഇസ്രയേല്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ഇന്ത്യന്‍ സ്വകാര്യ, പൊതുമേഖല കമ്പനികള്‍ വിദേശത്ത് മെട്രോ നിര്‍മാണത്തില്‍ പങ്കാളികളായ മുന്‍ പരിചയവുമുണ്ട്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി), ബംഗ്ലാദേശിലും ബഹറിനിലും മെട്രോ നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (L&T) ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത മാസ് റാപ്പിഡ് ട്രാന്‍സിറ്റിലും മൗറീഷ്യസിലെ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റത്തിലും സജീവമായിരുന്നു. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (Bharat Earth Movers Limited) ഓഗസ്റ്റില്‍ മലേഷ്യയില്‍ മെട്രോ നിര്‍മാണ കരാറും നേടിയിരുന്നു.

മെട്രോ നിര്‍മാണം ആരംഭിച്ചാല്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാകും സംജാതമാകുന്നത്. 2023ലെ ആക്രമണത്തിന് മുമ്പ് പാലസ്തീനില്‍ നിന്നുള്ളവരായിരുന്നു ഇസ്രയേലില്‍ കൂടുതലായി നിര്‍മാണ മേഖലയില്‍ പണിയെടുത്തിരുന്നത്. എന്നാല്‍ 2023ലെ സംഭവത്തിനുശേഷം ഇന്ത്യക്കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT