രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ ദശാബ്ദത്തിനുള്ളില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആണവോര്‍ജ ഉല്‍പാദന ശേഷി 100 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഊര്‍ജ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര ഉല്‍പാദന ശേഷി വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ കല്‍പ്പാക്കത്തുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ഈ വര്‍ഷം പ്രവര്‍ത്തനക്ഷമമായത് ആണവോര്‍ജ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വരുംവര്‍ഷങ്ങളില്‍ അഞ്ചുമുതല്‍ എട്ടുവരെ പുതിയ സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സെമികണ്ടക്ടര്‍ മേഖലയിലെ കുതിപ്പ് ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക സ്വയംപര്യാപ്തതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിപ്പുകളുടെ പ്രാധാന്യം മനസിലാക്കി, ഈ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഇന്ത്യ നിര്‍ണായകമായ ചുവടുവെപ്പുകളാണ് നടത്തിയിട്ടുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഴക്കടല്‍ മേഖലകളിലെ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം ശക്തമാക്കുന്നതിനായി 84,084 കോടി രൂപയുടെ 'സമുദ്ര മന്ഥന്‍' പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ആഭ്യന്തര എണ്ണ-വാതക ഉല്‍പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുനരുപയോഗ ഊര്‍ജ മേഖലയിലും രാജ്യത്തിന്റെ ശേഷി ഗണ്യമായി വര്‍ധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ സൗരോര്‍ജ ഉല്‍പാദന ശേഷി 2 ജിഗാവാട്ടില്‍ നിന്ന് 160 ജിഗാവാട്ടായി ഉയര്‍ന്നു.
ആണവോര്‍ജം സൗരോര്‍ജം, ആഭ്യന്തര എണ്ണ-പ്രകൃതിവാതക ഉല്‍പാദനം എന്നിവ ഒരേസമയം വര്‍ധിപ്പിച്ച് രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയും സ്വാശ്രയത്വവും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine