രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ സാധാരണയിലും താഴെയായിരിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തില്‍ കോര്‍പറേറ്റ് ലോകത്തിന് ആശങ്ക. സാധാരണ മണ്‍സൂണിന്റെ 90 ശതമാനം വരെ ഇത്തവണ പ്രതീക്ഷിച്ചാല്‍ മതിയൊന്നാണ് വിലയിരുത്തല്‍. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മണ്‍സൂണിനാകും 2026 സാക്ഷ്യം വഹിക്കുക.
മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണ് രാജ്യത്തെ കാര്‍ഷിക മേഖല നിലനില്‍ക്കുന്നത്. മികച്ച മഴ ലഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് മാത്രമല്ല ഗ്രാമീണ മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുക്കും.
ദീര്‍ഘകാല ശരാശരി അല്ലെങ്കില്‍ 1971 മുതലുള്ള ശരാശരി മഴ കണക്കിലെടുക്കുമ്പോള്‍, 2015ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴയായിരിക്കും ഇത്തവണ ലഭിക്കുക. ഇത് രാജ്യത്തെ മിക്ക ഭാഗങ്ങളിലും വരള്‍ച്ചയ്ക്ക് കാരണമായേക്കാം. 2015ല്‍ ദീര്‍ഘകാല ശരാശരിയുടെ 86 ശതമാനം മഴയാണ് ലഭിച്ചത്. മഴ പരിധിയില്‍ കൂടുതല്‍ കുറയുന്നത് രാജ്യത്തിന്റെ പല ഭാഗത്തും വരള്‍ച്ചയ്ക്ക് വഴിയൊരുക്കും.
മഴയുടെ സ്വാധീനം ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തും ഓഹരി വിപണിയിലും വളരെ വലുതാണ്. വാഹന വില്പന മുതല്‍ എഫ്എംസിജി കമ്പനികളുടെ പാദഫലങ്ങള്‍ വരെ മഴയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ മികച്ച രീതിയില്‍ കിട്ടിയതിനാല്‍ ഒട്ടുമിക്ക മേഖലകളിലും വലിയ വില്പന നടന്നിരുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, മാരികോ തുടങ്ങി എഫ്എംസിജി കമ്പനികളുടെ വില്‍പ്പനയില്‍ ഗ്രാമീണ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. കര്‍ഷകരുടെ വരുമാനം കുറഞ്ഞാല്‍ സോപ്പ്, ഷാംപൂ, ബിസ്‌കറ്റ്, പാക്കറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയ ദൈനംദിന ഉത്പന്നങ്ങളുടെ ഉപഭോഗം കുറയാം.
ഗ്രാമീണ ഇന്ത്യയുടെ വാങ്ങല്‍ശേഷി കുറയുന്നത് ട്രാക്ടര്‍, മോട്ടോര്‍സൈക്കിള്‍ വിപണിയെയും ബാധിക്കും. മണ്‍സൂണ്‍ കുറയുന്നത് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വായ്പ നല്‍കുന്ന ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ബാധിക്കും.
മണ്‍സൂണ്‍ കുറയുന്നതിന്റെ ഏറ്റവും വലിയ ആഘാതങ്ങളിലൊന്ന് ഭക്ഷ്യവിലക്കയറ്റമാണ്. അരി, പയര്‍, പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ ഉത്പാദനം കുറയുമ്പോള്‍ വില ഉയരും. പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതോടെ ഇപ്പോള്‍ തന്നെ വിപണിയില്‍ വിലക്കയറ്റം ദൃശ്യമാണ്. ഇനിയും വിലകള്‍ കയറിയാല്‍ സാധാരണ, ഇടത്തരം കുടുംബങ്ങളില്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine