PIB
News & Views

ഐഡിയ മസ്‌കിന്റേത്! മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗത; 44 കിലോമീറ്റര്‍ ഹൈപ്പര്‍ ലൂപ്പ് ട്രാക്കിന് ഇന്ത്യന്‍ റെയില്‍വേ അനുമതി, ലോകത്തില്‍ ആദ്യം

അധികം വൈകാതെ ഇന്ത്യയില്‍ ഹൈപ്പര്‍ ലൂപ്പ് പദ്ധതി സാധ്യമാകുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ്

Dhanam News Desk

ലോകത്തിലെ ആദ്യ വാണിജ്യ അതിവേഗ ഹൈപ്പര്‍ ലൂപ്പ് റെയില്‍ ട്രാക്ക് സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. പദ്ധതിയുടെ ആദ്യഘട്ടമായി 40 കിലോമീറ്റര്‍ പ്രോജക്ട് ട്രാക്കിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് എവിടെയാണെന്ന് വ്യക്തമല്ല. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യ ദീര്‍ഘദൂര യാത്രകള്‍ക്ക് പറ്റിയതാണോ, സാമ്പത്തികമായി ലാഭകരമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും വാണിജ്യരൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

പരീക്ഷണം അടുത്ത മാസം

മുംബയ് ഐ.ഐ.ടിയിലെ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടുടുര്‍ (TuTr) ഹൈപ്പര്‍ലൂപ്പ് ലോകത്തിലെ തന്നെ ആദ്യ വാണിജ്യ ഹൈപ്പര്‍ ലൂപ്പ് പദ്ധതിയുടെ പരീക്ഷണം അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് റെയില്‍വേയുടെ നീക്കം. മണിക്കൂറില്‍ 1,000 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 422 മീറ്റര്‍ വാക്വം ടൂബ് പരീക്ഷണ ട്രാക്ക് മുംബയ് ഐ.ഐ.ടി ക്യാമ്പസില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും നീളത്തിലുള്ള ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്കുകളിലൊന്നാണിത്.

കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ക്യാമ്പസിലെത്തി പദ്ധതി വിലയിരുത്തിയിരുന്നു. പരീക്ഷണം വലിയ വിജയമാകുമെന്നും അധികം വൈകാതെ ഇന്ത്യ ഹൈപ്പര്‍ലൂപ്പ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഹൈപ്പര്‍ ലൂപ്പ് പദ്ധതിക്ക് വേണ്ട ഇലക്ടോണിക് സംവിധാനം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്) ഫാക്ടറിയില്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈപ്പര്‍ ലൂപ്പ് പദ്ധതിക്ക് വേണ്ട സാങ്കേതിക-സാമ്പത്തിക സഹായം റെയില്‍വേ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്താണ് ഹൈപ്പര്‍ലൂപ്പ്?

അതിവേഗ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്. ഗതാഗതത്തിന്റെ അഞ്ചാമത്തെ രൂപമായി അറിയപ്പെടുന്ന ഹൈപ്പര്‍ ലൂപ്പ് സാങ്കേതിക വിദ്യ പ്രകാരം കുറഞ്ഞ വായു മര്‍ദ്ദമുള്ള വാക്വം ട്യൂബിനുള്ളിലാണ് ട്രെയിന്‍ ഓടുന്നത്. വായുമര്‍ദ്ദം കുറവായത് കൊണ്ടുതന്നെ കാന്തിക സഹായത്താല്‍ ട്രാക്കില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് 2013ല്‍ ഹൈപ്പര്‍ ലൂപ്പ് ആല്‍ഫ എന്ന പേരില്‍ പദ്ധതി അവതരിപ്പിച്ചത്. 1970ല്‍ സ്വിസ് പ്രൊഫസറായ മാര്‍ക്കല്‍ ജഫറും സമാനമായ സാങ്കേതിക വിദ്യ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പരീക്ഷണം ലോകത്തിന്റെ പലയിടങ്ങളിലും

അതിവേഗ ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ പദ്ധതിയുടെ പരീക്ഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്. അമേരിക്കയിലെ നെവാഡയില്‍ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി നടത്തിവന്നിരുന്ന പരീക്ഷണങ്ങള്‍ ഇപ്പോള്‍ ചരക്കുഗതാഗതത്തിലേക്ക് മാറിയിട്ടുണ്ട്. കാനഡിയിലെ ട്രാന്‍ഡ്‌പോഡ് എന്ന കമ്പനിയും സമാനമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതിവേഗ ട്രെയിന്‍ സംവിധാനത്തില്‍ ചൈനയുടെ പരീക്ഷണങ്ങളും വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അബുദാബി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലും ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT