ഇറാന്‍-യുഎസ് യുദ്ധ വിരാമത്തിന് പിന്നാലെ ആഗോള എണ്ണവില കൂപ്പുകുത്തുകയാണ്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചശേഷം 120 ഡോളര്‍ വരെ ഒരു വീപ്പ ക്രൂഡിന് വില ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ എണ്ണവില 80 ഡോളര്‍ പരിസരത്താണ്.
കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് പശ്ചിമേഷ്യ വേദിയായില്ലെങ്കില്‍ എണ്ണവില 70 ഡോളര്‍ പരിസരത്തേക്ക് എത്തപ്പെടും. എണ്ണവിലയിലെ കുതിപ്പ് മൂലം കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം വലിയ സമ്മര്‍ദത്തിലായിരുന്നു. ക്രൂഡ് വില കുറഞ്ഞതോടെ നഷ്ടത്തിലായിരുന്ന പൊതുമേഖല എണ്ണക്കമ്പനികള്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തി.
പശ്ചിമേഷ്യയില്‍ ശാന്തത കൈവന്നെങ്കിലും ശാശ്വതമാണെന്ന് ലോകം കരുതുന്നില്ല. ചെറിയൊരു തീപ്പൊരി മതി വീണ്ടും യുദ്ധത്തിന് തിരികൊളുത്താന്‍. ഇത്തരത്തിലൊരു അവസ്ഥയില്‍ ജാഗ്രതയോടെയുള്ള തീരുമാനം മാത്രമേ കേന്ദ്രത്തില്‍ നിന്നുണ്ടാകൂ. എണ്ണക്കമ്പനികളുടെ അടിത്തറ തകര്‍ക്കുന്ന സമീപനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കില്ല.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കനത്ത നഷ്ടമാണ് എണ്ണക്കമ്പനികള്‍ നേരിട്ടത്. ഈ നഷ്ടം നികത്താന്‍ ഇപ്പോഴത്തെ വിലയിടിവ് സഹായിക്കും. യുദ്ധസമയത്ത് നഷ്ടം പരമാവധി നികത്തിയശേഷം മാത്രം ഇന്ധനവിലയില്‍ പുനരാലോചന നടത്താമെന്നാണ് എണ്ണക്കമ്പനികളുടെയും വാദം.
ഇപ്പോഴും എല്‍പിജി വില്പന കമ്പനികള്‍ക്ക് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കാര്യങ്ങള്‍ പഴയപടി ആയെങ്കില്‍ മാത്രമേ സമ്മര്‍ദത്തില്‍ നിന്ന് കരകയറാന്‍ എണ്ണക്കമ്പനികള്‍ക്ക് സാധിക്കൂ.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളറിന്റെ കുറവും ആഭ്യന്തര വിപണിയില്‍ ഇന്ധനവിലയില്‍ 50 മുതല്‍ 60 പൈസ വരെ കുറവ് വരുത്താന്‍ പര്യാപ്തമാണ്.
കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താനാണ് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 94-95 നിലവാരത്തില്‍ ദുര്‍ബലമായി തുടരുന്നതും ഇറക്കുമതിച്ചെലവ് പൂര്‍ണമായി കുറയ്ക്കാന്‍ തടസമാകുന്നുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കാനും ജനരോഷം തണുപ്പിക്കാനും വില കുറയ്ക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലെയുണ്ട്. രാജ്യാന്തര വിപണിയില്‍ ഇടിയുന്ന വിലയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാന്‍ മോദി സര്‍ക്കാര്‍ ഇത്തവണ രാഷ്ട്രീയ ധൈര്യം കാണിക്കുമോ എന്നാണ് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine