News & Views

സ്വര്‍ണ ഇറക്കുമതിക്ക് ബ്രേക്ക്; തീരുവ വര്‍ധനയ്ക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മാസവും വന്‍ ഇടിവ്

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ഏകദേശം 40 ശതമാനം സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നാണ്. യുഎഇയുടെ വിഹിതം 16%

Dhanam News Desk

ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. സെപ്റ്റംബറില്‍ ഇറക്കുമതി മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 81.27% കുറഞ്ഞ് 180 കോടി ഡോളറായി ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഇത്രയും വലിയ കുറവുണ്ടാകുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഒക്ടോബര്‍ 15ന് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങല്‍ തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. വെള്ളി ഇറക്കുമതിയും തുടര്‍ച്ചയായ രണ്ടാം മാസം ഇടിഞ്ഞു. സെപ്റ്റംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49.11% കുറഞ്ഞ് 66.51 കോടി ഡോളറായി.

സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിത്തീരുവ മേയ് 13 മുതല്‍ 6 ശതമാനത്തില്‍നിന്ന് 15 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇറക്കുമതിച്ചെലവ് കൂട്ടുന്ന ഈ നടപടിക്കു പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആറുമാസത്തെ കണക്കിലും കുറവ്

2026-27 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണ ഇറക്കുമതി മൂല്യം 27.32% ഇടിഞ്ഞ് 1,927 കോടി ഡോളറായി. ഇതേ കാലയളവില്‍ വെള്ളി ഇറക്കുമതി 25.17% കുറഞ്ഞ് 240 കോടി ഡോളറിലെത്തി.

ചൈനയ്ക്കു പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. ആഭ്യന്തര ആഭരണ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പ്രധാനമായും സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയില്‍ അഞ്ചു ശതമാനത്തിലധികം സ്വര്‍ണമാണ്.

സ്വര്‍ണ ഇറക്കുമതിച്ചെലവ് കുറയുന്നത് ചരക്ക് വ്യാപാരക്കമ്മി കുറയ്ക്കാന്‍ സഹായിക്കും. ചരക്കുകള്‍, സേവനങ്ങള്‍, വരുമാനം, വിദേശത്തുനിന്നുള്ള പണമയയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന കറന്റ് അക്കൗണ്ട് ബാലന്‍സിലും സ്വര്‍ണ ഇറക്കുമതി സ്വാധീനം ചെലുത്തുന്നു.

ഇറക്കുമതി കുറഞ്ഞാല്‍ വില കുറയുമോ?

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ ഏകദേശം 40 ശതമാനം സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നാണ്. യുഎഇയുടെ വിഹിതം 16 ശതമാനത്തിലധികവും ദക്ഷിണാഫ്രിക്കയുടേത് ഏകദേശം 10 ശതമാനവുമാണ്. സെപ്റ്റംബറില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 74.63% കുറഞ്ഞ് 89.32 കോടി ഡോളറായി.

സ്വര്‍ണ ഇറക്കുമതി മൂല്യം കുറഞ്ഞതുകൊണ്ടുമാത്രം ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില താഴണമെന്നില്ല. അന്താരാഷ്ട്ര സ്വര്‍ണവില, രൂപയുടെ ഡോളറുമായുള്ള വിനിമയനിരക്ക്, ഇറക്കുമതിത്തീരുവ, മറ്റ് ചെലവുകള്‍ എന്നിവയാണ് വിലയെ സ്വാധീനിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT