മിഡില്‍ഈസ്റ്റ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയത്. സ്വര്‍ണവാങ്ങല്‍ കുറയ്ക്കുകയും അതുവഴി വിദേശനാണ്യ ചോര്‍ച്ച ഒഴിവാക്കുകയുമായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. പക്ഷേ, പ്രതീക്ഷിച്ച പോലെയായില്ല കാര്യങ്ങള്‍. തീരുവ കൂട്ടിയ മേയ് മാസം ഇറക്കുമതി മുന്‍ വര്‍ഷത്തേക്കാള്‍ കൂടുകയാണ് ചെയ്തത്. കള്ളക്കടത്ത് കൂടുതല്‍ ലാഭകരമായതോടെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ സജീവമാകുകയും ചെയ്തു.
നല്ല കാര്യത്തിനായി ചെയ്തതെങ്കിലും കാര്യമായ ഗുണമുണ്ടായില്ലെന്നത് മാറിചിന്തിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ 15 ശതമാനമായ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറയ്ക്കണമെന്ന് വ്യാപാരികളും ജ്വല്ലറി മേഖലയിലെ സംഘടനകളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീരുവ കുറയ്ക്കുന്നതില്‍ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
പ്രതിവര്‍ഷം ശരാശരി 700-800 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മേയ് 13ലെ തീരുവ വര്‍ധനയ്ക്കുശേഷവും മേയ് മാസത്തെ സ്വര്‍ണ ഇറക്കുമതിയില്‍ 34 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജൂണ്‍, ജൂലൈ മാസങ്ങളിലായി 6.13 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ 5.81 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 5.5 ശതമാനമാണ് വര്‍ധന.
ഡോളര്‍ ചോര്‍ച്ച തടയാനാണ് തീരുവ ഉയര്‍ത്തിയതെങ്കിലും കള്ളക്കടത്ത് വര്‍ധിച്ചു. സര്‍ക്കാരിന് നികുതി ഇനത്തില്‍ വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. തീരുവ വെട്ടിക്കുറയ്ക്കുന്നതോടെ സ്വര്‍ണക്കടത്തിലെ ലാഭം കുറയും. ഇതുവഴി കള്ളക്കടത്തില്‍ കുറവുണ്ടാകുമെന്നാണ് വ്യവസായ മേഖലയുടെ പ്രതീക്ഷ.
സ്വര്‍ണത്തിനൊപ്പം വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവയിലും മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ആഭരണ നിര്‍മാണത്തിനും നിക്ഷേപത്തിനും പുറമെ വ്യാവസായിക മേഖലകളിലും വെള്ളിക്ക് വലിയ ആവശ്യകതയുണ്ട്. സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വെള്ളിയും ഓട്ടോമൊബൈല്‍, ഹെല്‍ത്ത്കെയര്‍ മേഖലകളില്‍ പ്ലാറ്റിനവും വ്യാപകമായി ഉപയോഗിക്കുന്നു.
ഇറക്കുമതി തീരുവ ഒന്‍പത് ശതമാനം കുറച്ചാല്‍ ഒരു കിലോ സ്വര്‍ണത്തിന്റെ നികുതി 12 ലക്ഷം കുറയും. നിലവില്‍ ഒരു കിലോ സ്വര്‍ണത്തില്‍ കള്ളക്കടത്തുകാര്‍ക്ക് 20 ലക്ഷം രൂപയോളം ലാഭം കിട്ടുന്നുണ്ട്. ജിഎസ്ടിയായി ലഭിക്കേണ്ട പണമാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുവ കൂട്ടിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല വരുമാനം കുറയുകയും ചെയ്തു. ഇറക്കുമതി തീരുവ പൂര്‍ണമായി എടുത്തു കളയണമെന്നാണ് സംഘടന കേന്ദ്ര ധനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അഡ്വ. എസ് അബ്ദുല്‍ നാസര്‍ (ജനറല്‍ സെക്രട്ടറി, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍)
ഉയര്‍ന്ന ഇറക്കുമതി തീരുവ ഈ മേഖലകളുടെ ഉല്‍പാദനച്ചെലവ് വര്‍ധിപ്പിക്കുന്നതായാണ് പരാതി. തീരുവ കുറയ്ക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനമോ സമയപരിധിയോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കേരളത്തിലെ ജുവലറി മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. സ്വര്‍ണവില കുതിച്ചു കയറിയത് വില്പന കുറയാന്‍ ഇടയാക്കിയിരുന്നു. തീരുവ കുറയ്ക്കുന്നതോടെ വലിയ വിലക്കുറവിന് വഴിയൊരുങ്ങും.
വില കുറയുന്നത് വിവാഹ ആവശ്യങ്ങള്‍ക്കായി ഉള്‍പ്പെടെ സ്വര്‍ണം വാങ്ങുന്നവരെ ആകര്‍ഷിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവരും വിലക്കുറവ് കണ്ട് വിപണിയിലേക്ക് എത്തുന്നതോടെ ജുവലറികളില്‍ വില്‍പന ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ. അതുവഴി സര്‍ക്കാരിലേക്കുള്ള നികുതി വരുമാനവും വര്‍ധിക്കും.
ഗള്‍ഫ് രാജ്യങ്ങളിലെയും കേരളത്തിലെയും സ്വര്‍ണവില തമ്മിലുള്ള വലിയ വ്യത്യാസമാണ് കള്ളക്കടത്തിന് പ്രധാന കാരണം. തീരുവ കുറയുന്നതോടെ വിദേശത്തെയും നാട്ടിലെയും വില തമ്മിലുള്ള അന്തരം കുറയും. ഇത് വഴി നിയമവിരുദ്ധമായ സ്വര്‍ണക്കടത്ത് കുറയുകയും നിയമപരമായ വഴികളിലൂടെയുള്ള സ്വര്‍ണവ്യാപാരം വര്‍ധിക്കുകയും ചെയ്യും. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മലബാര്‍ മേഖലയില്‍ പോലീസിനും തലവേദനയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine