India-US relations canva
News & Views

ട്രംപിന്റെ സമ്മര്‍ദം മറികടക്കാന്‍ ഇടനിലക്കാരനെ നിയോഗിച്ച് ഇന്ത്യ, അമേരിക്കന്‍ കമ്പനിക്ക് പ്രതിമാസ പ്രതിഫലം 75,000 ഡോളര്‍; പിഴച്ചുങ്കത്തില്‍ നിലപാടു മാറ്റം ഇനിയുമില്ല

പ്രമുഖ ലോബിയിംഗ് കമ്പനിയായ മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സിനെയാണ് ഇന്ത്യ ആശ്രയിക്കുന്നത്

Dhanam News Desk

അമേരിക്കന്‍ പ്രസിഡന്റിന്റെ നികുതി സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടനില കമ്പനിയെ വാടകക്കെടുത്ത് ഇന്ത്യാ സര്‍ക്കാര്‍. അമേരിക്കയിലെ പ്രമുഖ ലോബിയിംഗ് കമ്പനിയായ മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സ് കമ്പനിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഈ കമ്പനിയുടെ സേവനത്തിന് പ്രതിമാസം 75,000 ഡോളര്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസി മുഖേന പ്രതിഫലം നല്‍കുന്നതായി ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എംബസിയും മെര്‍ക്കുറിയും തമ്മിലുള്ള കരാര്‍ ഈ മാസം 18 ന് പുറത്തുവന്നതായും റിപ്പോര്‍ട്ടിലുണ്ട്. റഷ്യയുമായുള്ള വാണിജ്യ ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം അധിക നികുതി ചുമത്താന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാണ്. ഇത് പരിഹരിക്കുന്നതിനുള്ള സഹായങ്ങളാണ് മെര്‍ക്കുറി ചെയ്യുന്നത്.

വൈറ്റ് ഹൗസ് ബന്ധം

വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ്, സൂസി വെയ്ല്‍സ് പാര്‍ട്ണറായി തുടങ്ങിയ കമ്പനിയാണ് മെര്‍ക്കുറി പബ്ലിക് അഫയേഴ്‌സ്. ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്ന സമയത്ത് അധികാര കൈമാറ്റ സമിതിയില്‍ സൂസി വെയ്ല്‍സ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ചുമതല വഹിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും വേണ്ടി ഈ കമ്പനി ലോബിയിംഗ് നടത്തുന്നുണ്ട്. ഡെന്‍മാര്‍ക്കും അമേരിക്കയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ മെര്‍ക്കുറിയുടെ സഹായം ഡെന്‍മാര്‍ക്ക് തേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഗൗതം അദാനിയുടെ ലോബിയിംഗ് കമ്പനിയും വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു വരുന്നുണ്ട്.

വ്യാപാര കരാറിന് ശ്രമിച്ച് ഇന്ത്യ

ട്രംപിന്റെ അധിക നികുതി സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്കിടയിലും അമേരിക്കയുമായി വാണിജ്യ കരാര്‍ ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമം തടരുന്നുണ്ട്. അഞ്ചു വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയായിരിക്കെയാണ് ട്രംപ്, ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയത്. ഇതോടെ ഡല്‍ഹിയില്‍ ഈ മാസം നടക്കേണ്ടിയിരുന്ന ആറാം വട്ട ചര്‍ച്ച അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യ ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മെര്‍ക്കുറിയുടെ സഹായം ഇക്കാര്യത്തില്‍ ഇന്ത്യ തേടുന്നുണ്ട്. ട്രംപുമായി ഏറെ അടുപ്പമുള്ള സര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായി കഴിഞ്ഞ ദിവസം നിയോഗിച്ചത് ഇക്കാര്യത്തില്‍ അനുകൂല സാഹചര്യമൊരുക്കുമെന്നും വിലയിരുത്തലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT