canva
News & Views

2026ല്‍ അവസരങ്ങളുടെ പെരുമഴ! തൊഴില്‍ രംഗത്ത് 11 ശതമാനം വളര്‍ച്ച, ട്രെന്‍ഡുകള്‍ മാറും; കൂടുതലും ഈ മേഖലയില്‍, പുതിയ റിപ്പോര്‍ട്ട് പുറത്ത്

ഒന്ന് മുതല്‍ 10 വര്‍ഷം വരെ തൊഴില്‍ പരിചയമുള്ളവരാണെങ്കില്‍ പുതിയ ജോലി ലഭിക്കാനുള്ള സാധ്യത 62 ശതമാനമായിരിക്കും

Dhanam News Desk

ഇന്ത്യന്‍ തൊഴില്‍ രംഗം 2026ല്‍ വലിയ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്. 2025ല്‍ 9.75 ശതമാനമാണ് പ്രതീക്ഷയെങ്കില്‍ 2026ല്‍ ഇത് 11 ശതമാനമായി വര്‍ധിക്കും. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 20 ശതമാനം നിയമനങ്ങള്‍ വര്‍ധിക്കുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബി.എഫ്.എസ്.ഐ) മേഖലയാണ് ഇക്കൂട്ടത്തില്‍ മുന്നിലെത്തുന്നത്. തൊട്ടുപിന്നില്‍ ഓട്ടോമോട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍, എഫ്.എം.സി.ജി, ഐ.ടി, നിര്‍മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മേഖലകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ റോളുകള്‍ വരും

തൊഴിലിടങ്ങളിലെ തസ്തികകളില്‍ (Job Role) വരുന്ന മാറ്റമാണ് 2026ലെ പ്രധാന ട്രെന്‍ഡ്. പത്തില്‍ നാല് നിയമനങ്ങളും പുതുതായി രൂപീകരിക്കപ്പെട്ട തസ്തികകളിലേക്കായിരിക്കും. 2025ല്‍ ഇത് 10ല്‍ രണ്ടായിരുന്നു. ബിസിനസിലെ വളര്‍ച്ചയും ആത്മവിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ആകെ നിയമനങ്ങളില്‍ 60 ശതമാനവും നിലവിലുള്ള തസ്തികകളിലേക്കുള്ള പുനര്‍നിയമനങ്ങളായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജോലി കിട്ടാന്‍ എന്തുവേണം

ടെക്‌നോളജി രംഗത്തെ പ്രാഗത്ഭ്യം തന്നെയാണ് തൊഴില്‍ ലഭ്യതയുടെ പ്രധാന മാനദണ്ഡം. നിലവില്‍ രാജ്യത്തെ എ.ഐ മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 23.5 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 55 ശതമാനമെന്ന നിലയിലാണ് വളര്‍ച്ച. ജെനറേറ്റീവ് എ.ഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, സെബര്‍ സെക്യുരിറ്റി തുടങ്ങിയ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ തൊഴിലുകളിലേക്കാണ് കൂടുതലായും ആളുകളെ ആവശ്യമായി വരുന്നത്. ഡിജിറ്റല്‍/ ഡാറ്റ സ്‌പെഷ്യലിസ്റ്റ്, എ.ഐ/ മെഷീന്‍ ലാംഗ്വേജ് എഞ്ചിനീയര്‍മാര്‍, സൊല്യൂഷ്യന്‍ ആര്‍ക്കിടെക്ചറുമാര്‍, സസ്റ്റൈനബിലിറ്റി സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം വര്‍ധിക്കും.

നിയമനങ്ങളില്‍ എ.ഐ ഉപയോഗം കൂടി

കമ്പനികളുടെ നിയമനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ബയോഡാറ്റ പരിശോധിക്കുന്നതിനായി 60 ശതമാനം കമ്പനികളും ഇപ്പോള്‍ എ.ഐ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍വ്യൂ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനായി 45 ശതമാനം കമ്പനികള്‍ എ.ഐ സേവനം തേടാറുണ്ട്.

എക്‌സ്പീരിയന്‍സ് മുഖ്യം

ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള മിഡ്-സീനിയര്‍ ലെവലിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനായിരിക്കും മിക്ക കമ്പനികള്‍ക്കും താത്പര്യം. അതായത് 2026 പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളുടെ വര്‍ഷമായിരിക്കും. 6 മുതല്‍ 15 വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കും ആകെ നിയമനങ്ങളുടെ 55 ശതമാനവും നേടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 39 ശതമാനമായിരുന്നു. ഇത് വായിക്കുമ്പോള്‍ പുതിയ ആളുകളെ കമ്പനികള്‍ക്ക് വേണ്ടെന്ന് ചിന്തിക്കരുത്. ആകെ നിയമനത്തിന്റെ 45 ശതമാനമെങ്കിലും തുടക്കക്കാരോ അഞ്ച് വര്‍ഷത്തില്‍ താഴെ പരിചയമുള്ളവരോ ആയിരിക്കും. 11 ശതമാനം തുടക്കക്കാര്‍ക്കും അടുത്ത വര്‍ഷം തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ ഒന്ന് മുതല്‍ 10 വര്‍ഷം വരെ പരിചയമുള്ളവരാണെങ്കില്‍ പുതിയ ജോലി ലഭിക്കാനുള്ള സാധ്യത 62 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിയര്‍ 1 നഗരങ്ങളിലായിരിക്കും അടുത്ത കൊല്ലവും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത്. പ്രത്യേകിച്ച് ഐ.ടി, ബി.എഫ്.എസ്.ഐ മേഖലകളില്‍. ആകെ നിയമനത്തിന്റെ 53 ശതമാനവും നടക്കുന്നത് ഇത്തരം നഗരങ്ങളിലാകും. ബാക്കി 32 ശതമാനം നിയമനങ്ങള്‍ ടിയര്‍ 2 നഗരങ്ങളിലാകും. ടിയര്‍ 3 നഗരങ്ങളിലെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

India’s job-market hiring intent is expected to rebound to 11 % in 2026, with the BFSI sector and tech-driven roles in AI, cloud and cybersecurity leading the recovery.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT