Image : Narendra Modi and Nirmala Sitharaman Twitter and Canva 
News & Views

ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്ര-സംസ്ഥാന സഖ്യ 'മെഗാ പ്ലാന്‍', 1,272 വിദേശ ഉത്പന്നങ്ങള്‍ക്ക് ഇനി ഇന്ത്യയില്‍ ബദല്‍

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഈ വന്‍ പദ്ധതി തയാറാകുന്നത്.

Dhanam News Desk

ഇറക്കുമതിക്കായി വലിയതോതില്‍ പണം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ ബൃഹത്ത് കര്‍മപദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതിക്കായി മുടക്കുന്ന പണം ലാഭിക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലായി പ്രതിവര്‍ഷം ഏകദേശം 15.8 ലക്ഷം കോടി രൂപ മൂല്യമുള്ള 1,272 ഉത്പന്നങ്ങളുടെ ഇറക്കുമതി, ആഭ്യന്തര നിര്‍മാണത്തിലൂടെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്.

കെമിക്കല്‍, ഇലക്ട്രോണിക്‌സ്, മെഷീനറി, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ എന്നീ മേഖലകളിലെ ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ആഭ്യന്തരമായി നിര്‍മിക്കാന്‍ തെരഞ്ഞെടുത്തതില്‍ ഏറെയും. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ഉത്പന്ന ഇറക്കുമതി ചെലവ് സര്‍വകാല റെക്കോര്‍ഡായ 776 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ഇതില്‍ 246 ബില്യണ്‍ ഡോളറും ക്രൂഡ് ഓയില്‍, സ്വര്‍ണം എന്നിവയ്ക്കാണ് ചിലവഴിച്ചത്.

ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 26 ശതമാനം മാത്രമാണ് ആഭ്യന്തര നിര്‍മാണത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍, സ്വര്‍ണം തുടങ്ങി ബാക്കി 46 ശതമാനം ഉത്പന്നങ്ങളുടെ ലഭ്യത ആഭ്യന്തരമായി പരിഹരിക്കുക എളുപ്പമല്ല.

സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക ചുമതല

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍, വ്യാവസായിക അനുമതികള്‍, നിക്ഷേപ ആനുകൂല്യങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കാണ് പദ്ധതി നടത്തിപ്പില്‍ പ്രധാന ചുമതല. ആഭ്യന്തര നിര്‍മാണത്തിനായി തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്കായി പ്രത്യേക നിര്‍മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടം

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ഈ വന്‍ പദ്ധതി തയാറാകുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം വിദേശ ആശ്രയത്വം കൂടുതലുള്ള നൂറിലധികം തന്ത്രപ്രധാന ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ ആര്‍ബിഐ ഗവര്‍ണറും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സാണ് ഇതിന്റെ സമഗ്ര രൂപരേഖ തയാറാക്കുന്നത്. സ്വകാര്യ-വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സംയുക്ത സംരംഭങ്ങള്‍ എന്നിവയും പരിഗണനയിലുണ്ട്.

2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.89 ശതമാനം വര്‍ധിച്ച് 216.18 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വ്യാപാര കമ്മി 86.86 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ആഗോള വിപണിയിലെ എണ്ണവില വര്‍ധനവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കാരണം രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞതും ചെലവ് വര്‍ധിക്കാന്‍ ഇടയാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT