News & Views

റഷ്യയുടെ എണ്ണ വരുമാനം കുറഞ്ഞു, പക്ഷേ ഇന്ത്യയ്ക്ക് പ്രിയം മോസ്‌കോ ക്രൂഡ് തന്നെ; കണക്കുകള്‍ പറയുന്നത്

റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന് (Rosneft) 49.13 ശതമാനം ഓഹരി പങ്കാളിത്തമുള്ള നയാര എനര്‍ജിയാണ് (Nayara Energy) എണ്ണ വാങ്ങലില്‍ മുന്നിലുള്ളത്

Dhanam News Desk

യുക്രെയ്‌നെതിരായ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യ പിടിച്ചുനില്‍ക്കുന്നത് ക്രൂഡ്ഓയില്‍ വില്പനയിലൂടെയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ കുറച്ചെങ്കിലും പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ല. ഇന്ത്യയും ചൈനയുമാകട്ടെ ഡിസ്‌കൗണ്ടില്‍ കിട്ടുന്ന റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടുകയാണ്. ഇരുരാജ്യങ്ങളും ആവശ്യകതയുടെ സിംഹഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്കിടയിലും ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലില്‍ കുറവുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നവംബറില്‍ പ്രതിദിനം 1.83 മില്യണ്‍ ബാരലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തത്. ഡിസംബറില്‍ ഇത് 1.85 മില്യണ്‍ ബാരലായി ഉയരുമെന്നാണ് വിലയിരുത്തല്‍. ജൂണില്‍ 2.10 മില്യണ്‍ ബാരല്‍ ഇറക്കുമതി ചെയ്തതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വാങ്ങല്‍.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് നേര്‍വിപരീതമാണ് ഈ കണക്കുകളെന്നത് ശ്രദ്ധേയമാണ്.

റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന് (Rosneft) 49.13 ശതമാനം ഓഹരി പങ്കാളിത്തമുള്ള നയാര എനര്‍ജിയാണ് (Nayara Energy) എണ്ണ വാങ്ങലില്‍ മുന്നിലുള്ളത്. വാഡിനാര്‍ തുറമുഖം വഴി പ്രതിദിനം 6,58,000 ബാരല്‍ ക്രൂഡാണ് അവര്‍ വാങ്ങുന്നത്. നവംബറിലെ 5,61,000 ബാരലിനേക്കാള്‍ കൂടുതല്‍. 2025ലെ ശരാശരി 4,31,000 ബാരലാണെന്നിരിക്കെയാണ് റഷ്യന്‍ എണ്ണ വാങ്ങല്‍ നയാര വര്‍ധിപ്പിച്ചത്.

ഡിസ്‌കൗണ്ടില്‍ കിട്ടുന്ന റഷ്യന്‍ എണ്ണ പരമാവധി വാങ്ങി സ്റ്റോക്ക് ചെയ്യുകയെന്ന തന്ത്രത്തിലൂന്നിയാണ് നയാര മുന്നോട്ടു പോകുന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധം അധികംവൈകാതെ അവസാനിക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ കുറഞ്ഞ വിലയിലുള്ള എണ്ണ വില്ക്കല്‍ റഷ്യ അവസാനിപ്പിക്കും. യൂറോപ്പ് ഉള്‍പ്പെടെ ഉപരോധം പിന്‍വലിക്കുന്നതോടെ ആര്‍ക്കു വേണമെങ്കിലും എണ്ണ വില്ക്കാന്‍ റഷ്യയ്ക്ക് സാധിക്കുമെന്നതിനാലാണിത്.

നയാര റഷ്യന്‍ എണ്ണയോട് വിധേയപ്പെട്ട് മുന്നോട്ടു പോകുമ്പോള്‍ നേരെ മറിച്ചാണ് മറ്റൊരു സ്വകാര്യ എണ്ണക്കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചിന്തിക്കുന്നത്. ഡിസംബറില്‍ പ്രതിദിനം 2,93,000 ബാരലാണ് റിലയന്‍സിന്റെ വാങ്ങല്‍. ഇത് നവംബറിലെ 5,52,000 ബാരലിനേക്കാള്‍ വളരെ കുറവാണെന്ന് കെപ്ലര്‍ ഡേറ്റ വ്യക്തമാക്കുന്നു.

ക്രൂഡ് വില കുറയുന്നു

കുറഞ്ഞ ഡിമാന്‍ഡും കൂടുതല്‍ ഉത്പാദനവും ആഗോള തലത്തില്‍ ഇന്ധനവില താഴ്ത്തി നിര്‍ത്തുകയാണ്. നോണ്‍ ഒപെക് രാജ്യങ്ങള്‍ വളരെയധികം ക്രൂഡ് വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ഒപെകിന്റെ നിയന്ത്രണത്തില്‍ നിന്ന് എണ്ണവിപണി കൈവിട്ടു പോകാന്‍ കാരണം.

ലാറ്റിനമേരിക്കയിലെ പ്രമുഖ എണ്ണ ഉത്പാദകരായ വെനസ്വേലയ്‌ക്കെതിരേ സൈനിക നീക്കത്തിന് യുഎസ് ശ്രമിച്ചേക്കുമെന്ന വാര്‍ത്തകള്‍ പോലും എണ്ണവിലയെ സ്വാധീനിച്ചില്ല. ബ്രെന്റ് ക്രൂഡ് വില നിലവില്‍ 62 ഡോളറില്‍ താഴെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT