Canva
News & Views

വെള്ളി ആഭരണങ്ങള്‍ക്ക് ഇറക്കുമതിക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍; നടപടിക്ക് കാരണമായി പറയുന്നത് ഇക്കാര്യങ്ങള്‍

സ്വതന്ത്ര വ്യാപാര കരാറുകളുടെ (എഫ്ടിഎ) ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവില്‍ വന്‍തോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കം

Dhanam News Desk

വില കുതിച്ചുയരുന്നതിനിടെ വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചില ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണമില്ലാതെ വെള്ളി ആഭരണങ്ങളും മറ്റും രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ താല്പര്യങ്ങളെ ഹനിക്കുന്നതാണ് ഈ ഇറക്കുമതി. ഇതോടെയാണ് താല്ക്കാലികമായി ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരും.

സ്വതന്ത്ര വ്യാപാര കരാറുകളുടെ (എഫ്ടിഎ) ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവില്‍ വന്‍തോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കം.

നിയന്ത്രണ വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മുതല്‍ 2025-26 ഏപ്രില്‍-ജൂണ്‍ വരെ നികുതി ഇളവ് ലഭിക്കുന്ന വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി കുത്തനെ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എഫ്ടിഎ വ്യവസ്ഥകള്‍ മറികടന്നുള്ള ഇറക്കുമതികള്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷിതത്വത്തിനും വന്‍തോതിലുള്ള ഇറക്കുമതി തിരിച്ചടിയായിരുന്നു. വന്‍തോതിലുള്ള ഇറക്കുമതി നിയന്ത്രിക്കണമെന്നത് ഈ മേഖലയുടെ നാളുകളായുള്ള ആവശ്യമായിരുന്നു.

വെള്ളിവില കുതിക്കുന്നു

ആഗോള തലത്തില്‍ വെള്ളിവില പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്നവര്‍ ഇപ്പോള്‍ വെള്ളിയിലേക്കും ശ്രദ്ധിക്കുന്നുണ്ട്.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു കിലോ വില. ജൂണ്‍ 30 ആയപ്പോള്‍ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളര്‍ച്ച.

ആഭരണങ്ങളായി വെള്ളി ഉപയോഗിക്കുന്നത് മുന്‍കാലങ്ങളേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. സ്വര്‍ണത്തിന്റെ ഉയര്‍ന്നവിലയും മഞ്ഞ നിറത്തോടുള്ള ഇഷടക്കേടും യുവാക്കളെ വെള്ളിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. മാല, ലോക്കറ്റ്, കൈച്ചെയിന്‍, വളകള്‍ തുടങ്ങിയ പലതരം വെള്ളി ആഭരണങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാണ്.

India imposes import restrictions on silver jewellery to protect domestic jobs and control surging prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT