News & Views

'വാരിക്കോരി' നല്‍കിയിട്ടും കോര്‍പറേറ്റ് ലാഭം ഇടിഞ്ഞു; കുറഞ്ഞത് ചില്ലറയല്ല

കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇത്രത്തോളം ലാഭത്തകര്‍ച്ച ഇതാദ്യം

Dhanam News Desk

കോര്‍പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഉദാരമായ സഹായങ്ങള്‍ കിട്ടുന്നുണ്ട്. വ്യവസായം പ്രോത്‌സാഹിപ്പിക്കാനെന്ന പേരില്‍ വഴിവിട്ട സഹായങ്ങളാണ് ഇങ്ങനെ നല്‍കുന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. വായ്പകള്‍ വലിയ തോതില്‍ എഴുതിത്തള്ളുന്നു. വലിയ സബ്‌സിഡി നല്‍കുന്നു. വ്യവസായികള്‍ക്ക് താങ്ങായി ഉല്‍പാദനക്ഷമത ബോണസ് നല്‍കുന്നു. പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. ഉല്‍പാദന ചെലവ് താഴ്ന്ന നിലയില്‍. ഇതിനെല്ലാമിടയിലും കോര്‍പറേറ്റുകളുടെ ലാഭം ജൂണ്‍ വരെയുള്ള മൂന്നു മാസത്തിനിടയില്‍ മൂന്നു ശതമാനം മാത്രമെന്ന് കണക്കുകള്‍. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ ലാഭം കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെയുള്ള ത്രൈമാസ കാലയളവില്‍ 31 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ലാഭം 3.1 ശതമാനമായി താഴ്ന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്നു മാസം കൊണ്ട് 2,539 കമ്പനികളുടെ ആകെ വില്‍പന 22.9 ലക്ഷം കോടി രൂപയുടേതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കിട്ടിയ 21.7 ലക്ഷം കോടിയില്‍ നിന്ന് 5.2 ശതമാനത്തിന്റെ മാത്രം വര്‍ധന. അതേസമയം, മൊത്തം ചെലവ് 6.4 ശതമാനം അഥവാ 19.6 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 18.5 ലക്ഷം കോടിയായിരുന്നു. അറ്റാദായത്തില്‍ വന്ന ഇടിവ് 3.1 ശതമാനം.

നിഫ്റ്റി-50 കമ്പനികളുടെ നികുതി കഴിച്ചുള്ള വരുമാനം നാലു ശതമാനമാണ്

വില്‍പന വളര്‍ച്ച ഒറ്റയക്കത്തില്‍ മുരടിച്ചു നില്‍ക്കുന്നു. ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഉത്കണ്ഠാജനകം. സിമന്റ്, ഇരുമ്പ്, ഉരുക്ക് എന്നിവയുടെ വില്‍പന ഇടിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പു മുതല്‍ കടുത്ത വേനല്‍ വരെയാണ് കാരണങ്ങള്‍. ഉപഭോക്തൃ സാധനങ്ങള്‍ക്ക് നേട്ടമാണ് ഉണ്ടായത്. അറ്റാദായത്തില്‍ വന്ന ഇടിവ് മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച കുറയാന്‍ ഇടയാക്കും.

നിഫ്റ്റിയിലെ ആദ്യ 50 കമ്പനികളുടെ നികുതി കഴിച്ചുള്ള വരുമാനം നാലു ശതമാനമാണ്. പൊതുമേഖല എണ്ണക്കമ്പനികളാണ് പ്രകടനം മോശമാക്കിയത്. എണ്ണ കമ്പനികളെ മാറ്റി നിര്‍ത്തിയാല്‍ നിഫ്റ്റി-50 കമ്പനികളുടെ വരുമാന വളര്‍ച്ച ഒന്‍പതു ശതമാനമാണ്. കമ്പനികളുടെ ലാഭം കുറഞ്ഞിട്ടുണ്ടെങ്കിലും വായ്പപലിശ തിരിച്ചടവു ശേഷിയെ അതു ബാധിച്ചിട്ടില്ലെന്നും വായ്പയെടുക്കല്‍ നിയന്ത്രിത രീതിയിലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT