കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോമാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോയും വ്യവസായി മഹാസംഗമവും ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 16ന് രാവിലെ 10.30ന് എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
ജനുവരി 18ന്, വൈകുന്നേരം 5.30ന് എക്‌സ്‌പോയുടെ സമാപനവും വ്യവസായി മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്സ്പോയുടെ ഭാഗമായി അഞ്ഞൂറോളം സ്റ്റാളുകളിലായി അന്‍പതിനായിരത്തോളം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തും. പ്രമുഖ മെഷിനറി നിര്‍മ്മാതാക്കള്‍, അവരുടെ ഉത്പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ ഭാഗമായി ഒരുക്കും. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്ഡെസ്‌കുകള്‍ എന്നിവ ഉണ്ടാകും.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്.എ.ഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ-അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും.
Read DhanamOnline in English
Subscribe to Dhanam Magazine