News & Views

100 ഓളം സ്റ്റാളുകള്‍, 5 രാജ്യങ്ങള്‍, 15 സംസ്ഥാനങ്ങള്‍, മൂന്ന് ദിവസത്തെ ട്രാവൽ മേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി

തീർത്ഥാടനം, സാഹസിക യാത്ര, സംസ്കാര - പൈതൃക സ്ഥലങ്ങൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവ സംബന്ധിച്ച സ്റ്റാളുകള്‍ പ്രദർശനത്തില്‍

Dhanam News Desk

ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശ രാജ്യങ്ങളും പങ്കെടുക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ടിന് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മൂന്ന് ദിവസത്തെ ടൂറിസം മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്. മേള ജനുവരി 19 ന് അവസാനിക്കും. തെലങ്കാന, കർണാടക, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്, ഒറീസ, ജമ്മു ആൻഡ് കാശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും തുർക്കി, മലേഷ്യ, വിയറ്റ്നാം, ബാലി, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം വകുപ്പുകളും പ്രദർശനത്തില്‍ പങ്കെടുക്കുന്നു.

ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിക്കും

ഇക്കൊല്ലം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.ഐ.ടി.എം ഡയറക്ടർ രോഹിത് ഹംഗൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 50 കോടിയിലെത്തുമെന്നാണ് കരുതുന്നത്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെപ്പോലെ ഇന്ത്യ കണ്ട് തീര്‍ക്കാന്‍ രണ്ടോ മൂന്നോ ദിവസം പോര. 16 ദിവസമെങ്കിലും വേണ്ടി വരും ഇന്ത്യ കണ്ടു തീര്‍ക്കാന്‍. അതുകൊണ്ട് വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സന്ദര്‍ശനത്തിനായി എത്തുന്നു. ഒരു കോടി വിദേശ ടൂറിസ്റ്റുകളെയാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നതെന്നും രോഹിത് ഹംഗൽ പറഞ്ഞു.

ശരിയായ അംഗീകൃത ട്രാവല്‍ പങ്കാളികളെ കണ്ടെത്തുന്നതിന് ജനങ്ങളെ വളരെയധികം സഹായിക്കുന്നതാണ് മേളയെന്ന് ടി.എ.എ.ഐ ചെയർപേഴ്സൺ മറിയാമ്മ ജോസ് പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരുപാട് ആളുകള്‍ കശ്മീര്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെ, ആരു വഴി പോകണമെന്ന് ജനങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ട്. അംഗീകൃത ട്രാവല്‍ പാര്‍ട്ട്ണര്‍മാര്‍ മാത്രമാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ തന്നെ കൂടുതല്‍ സഞ്ചരിക്കാനാണ് ഇപ്പോള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഹിമാലയം, സിക്കിം, കുളു മണാലി തുടങ്ങിയ സ്ഥലങ്ങളില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. വനിതകള്‍ ഒറ്റയ്ക്കും കൂട്ടമായി ചേര്‍ന്നും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന പ്രവണതയും ഇപ്പോള്‍ വര്‍ധിച്ചു വരുന്നതായും മറിയാമ്മ ജോസ് പറഞ്ഞു.

ഐഐടിഎം സഹ ഡയറക്ടർ സഞ്ജയ് ഹഖു, സിഹ്ര എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോസ് പ്രദീപ്, ഐസിപിബി ഗവേണിംഗ് ബോർഡ് അംഗം യുസി റിയാസ്, എസ്കെഎഎൽ കൊച്ചി പ്രസിഡന്റ് നിർമ്മല ലില്ലി, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സിഇഒ കെ. രാജ്കുമാർ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തീർത്ഥാടനം, സാഹസിക യാത്ര, സംസ്കാര - പൈതൃക സ്ഥലങ്ങൾ, ബീച്ചുകൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവ സംബന്ധിച്ച സ്റ്റാളുകളാണ് പ്രദർശനത്തിനുളളത്. പതിനായിരത്തോളം സഞ്ചാരപ്രിയര്‍ മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരത്തിലധികം അവധിക്കാല പാക്കേജുകളും മേള വാഗ്ദാനം ചെയ്യുന്നു. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT