News & Views

ഇന്ത്യ-ജപ്പാന്‍ ടി20ക്ക് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് വരെ; ഒരൊറ്റ മത്സരത്തിന്റെ അവകാശത്തിന് എന്താണിത്ര ഡിമാന്‍ഡ്?

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് DAZN തുടങ്ങിയ കമ്പനികളാണ് മത്സരം ഇന്ത്യയ്ക്ക് പുറത്ത് സംപ്രേക്ഷണം ചെയ്യാനുള്ള കരാറിനായി രംഗത്തുള്ളത്

Dhanam News Desk

ചരിത്രത്തിലാദ്യമായി ക്രിക്കറ്റിലെ ശക്തികളായ ഇന്ത്യയും നവാഗതരായ ജപ്പാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. സെപ്റ്റംബര്‍ 22ന് ജപ്പാനിലെ സനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം. ഇരുടീമുകളും തമ്മില്‍ നടക്കുന്ന പോരാട്ടത്തിന് വലിയ മാധ്യമശ്രദ്ധയാണ് ആഗോളതലത്തില്‍ ലഭിച്ചിരിക്കുന്നത്.

മത്സരത്തിന്റെ ടിവി, ഒടിടി സംപ്രേക്ഷണാവകാശം നേടാനായി വന്‍കിട കമ്പനികളാണ് രംഗത്തുള്ളത്. ഇന്ത്യയിലെ ടിവി കരാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നേടിയപ്പോള്‍ ഫാന്‍കോഡിനാണ് ഒടിടി അവകാശം ലഭിച്ചത്. ആഗോള തലത്തിലെ സംപ്രേക്ഷണാവകാശത്തിനായി വന്‍കിട മീഡിയ കമ്പനികളാണ് രംഗത്തുള്ളത്.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, യുട്യൂബ് DAZN തുടങ്ങിയ കമ്പനികളാണ് മത്സരം ഇന്ത്യയ്ക്ക് പുറത്ത് സംപ്രേക്ഷണം ചെയ്യാനുള്ള കരാറിനായി രംഗത്തുള്ളത്. നെറ്റ്ഫ്‌ളിക്‌സും ആമസോണും സാധാരണയായി ക്രിക്കറ്റ് ലൈവ് സംപ്രേക്ഷണത്തോട് വലിയ താല്പര്യം കാണിക്കാറില്ല. ക്രിക്കറ്റിലെ വലിയ ശക്തികളുടെ പോരാട്ടമല്ലാത്തൊരു മത്സരത്തിനായി ഈ കമ്പനികള്‍ അരയും തലയും മുറുക്കി രംഗത്തു വന്നത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

എന്തുകൊണ്ട് താല്പര്യം കൂടുതല്‍

ഈ കമ്പനികള്‍ ഒരു മത്സരത്തിനായി രംഗത്തു വന്നതിന് കാരണങ്ങള്‍ പലതാണ്. ജപ്പാനും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ലഭിക്കുന്ന കൗതുകമാണ് ഒന്നാമത്തെ കാരണം. സാമ്പത്തികകാരണം മറ്റൊന്നാണ്. സാധാരണയായി ക്രിക്കറ്റ് കരാറുകള്‍ മൂന്നോ നാലോ വര്‍ഷത്തേക്കാണ് നല്കുന്നത്. കോടികളാണ് ഈ കരാറിന് നല്‌കേണ്ടത്. എന്നാല്‍ ഇന്ത്യ-ജപ്പാന്‍ മത്സരത്തിന്റെ കരാര്‍ വ്യത്യസ്തമാണ്.

ഈ ഒരൊറ്റ മത്സരത്തിനായി പണം മുടക്കിയാല്‍ മതി. അതുകൊണ്ട് തന്നെ വലിയ തുക മുടക്കിയുള്ള കരാര്‍ മതിയാകും. ഇതുതന്നെയാണ് യുട്യൂബ് അടക്കമുള്ള കമ്പനികളെ ആകര്‍ഷിക്കുന്നത്. താരതമ്യേന ചെറിയ തുക മുടക്കി കൂടുതല്‍ നേട്ടം കൊയ്യാമെന്നാണ് പ്രതീക്ഷ.

സ്‌പോണ്‍സര്‍മാരായി വമ്പന്മാര്‍

ക്രിക്കറ്റിന് വലിയ വേരോട്ടമില്ലാത്ത രാജ്യമാണ് ജപ്പാന്‍. അടുത്ത കാലത്താണ് ജപ്പാനില്‍ ക്രിക്കറ്റ് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു തുടങ്ങിയത്. ഇന്ത്യ-ജപ്പാന്‍ പോരാട്ടം ആ നാട്ടിലും ആഗോളതലത്തിലും വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. വന്‍കിട കമ്പനികളാണ് മത്സരത്തിന്റെ സ്‌പോണ്‍സര്‍മാരായി എത്തുന്നത്.

കാര്‍ നിര്‍മാണരംഗത്തെ മുമ്പന്മാരായ സൂസൂക്കിയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ടിസിഎസ്, മിറ്റ്‌സുയി നോളജ് ഇന്‍ഡസ്ട്രി (Mitsui Knowledge Industry), എംയുഎഫ്ജി ബാങ്ക് (MUFG bank), മിസുനോ (Mizuno) തുടങ്ങിയ ബ്രാന്‍ഡുകളും സ്‌പോണ്‍സര്‍മാരാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT