canva
News & Views

കൗണ്ടര്‍ പോരാ, കേരളം പിന്നോക്കമാണെന്ന്! രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് അഞ്ചു മദ്യക്കടകളുണ്ട്, കേരളത്തിലെ കുടിയന്മാരെ ശ്രദ്ധിക്കാന്‍ ഇന്നാട്ടില്‍ ആരുണ്ട്!

രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യ ഔട്ട്‌ലെറ്റുകളുള്ളത് പഞ്ചാബിലാണെന്നും കണക്കുകള്‍ പറയുന്നു

Dhanam News Desk

രാജ്യത്ത് ഓരോ ഒരുലക്ഷം ഉപയോക്താക്കള്‍ക്കും ശരാശരി അഞ്ച് വീതം മദ്യക്കടകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കേരളവും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളില്‍ ഒരുലക്ഷം ഉപയോക്താക്കള്‍ക്ക് വെറും രണ്ട് മദ്യക്കടകള്‍ മാത്രമാണുള്ളതെന്നും ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ മദ്യവും വൈനും ചില്ലറയായി വില്‍ക്കുന്ന ഏകദേശം 63,000 കടകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതായത് ഒരുലക്ഷം ഉപയോക്താക്കള്‍ക്ക് ശരാശരി 5.2 മദ്യക്കടകളുണ്ട്. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ മദ്യക്കടകള്‍ ഉള്ളതെന്നും ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക്. 6,374 ഔട്ട്‌ലെറ്റുകളാണ് പഞ്ചാബിലുള്ളത്.

ഏറ്റവും കുറവ് മദ്യക്കടകള്‍ ഉള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്നും റിപ്പോർട്ട് 1,714 ഷോപ്പുകളാണ് ഇവിടെയുള്ളത്. 1973ന് ശേഷം മഹാരാഷ്ട്ര പുതിയ മദ്യ ലൈസന്‍സുകളൊന്നും അനുവദിച്ചിട്ടില്ല. നിലവിലുള്ള ലൈസന്‍സുകളുടെ കൈമാറ്റമാണ് സംസ്ഥാനത്ത് നടക്കുന്നത്. മദ്യക്കടകളുടെ എണ്ണം കുറയുന്നത് വില വര്‍ധനവിന് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കള്‍ക്ക് ഇഷ്ട ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ 326

അതേസമയം, കേരളത്തില്‍ 326 മദ്യ ഔട്ട്‌ലെറ്റുകള്‍ മാത്രമാണുള്ളതെന്നാണ് കണക്ക്. 278 എണ്ണം ബിവറേജസ് കോര്‍പറേഷന്റെയും 48 എണ്ണം കണ്‍സ്യൂമര്‍ ഫെഡിന്റെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി 253 ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോര്‍പറേഷന്‍.

ആവശ്യത്തിന് ഔട്ട്‌ലെറ്റുകള്‍ ഇല്ല

പല ലോകരാജ്യങ്ങളും പരിഗണിച്ചാല്‍ ഇന്ത്യയിലെ മദ്യ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം വളരെ പരിമിതമാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ചൈനയില്‍ 60 ലക്ഷം മദ്യ വില്‍പ്പന കേന്ദ്രങ്ങളുണ്ട്. ഇന്ത്യയില്‍ അതിന്റെ ഒരു ശതമാനം മാത്രം. ജനസംഖ്യ വര്‍ധിച്ചെങ്കിലും അതിനൊത്ത് മദ്യക്കടകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഈ പ്രവണത വിപണിയില്‍ അനധികൃത മദ്യവില്‍പ്പനയും ചൂഷണവും വര്‍ധിപ്പിച്ചു. ഇത് മറികടക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മദ്യ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കണമെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധിക വരുമാനം ലഭിക്കുമെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT