Canva
News & Views

ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് കയ്യടക്കുന്നത് എന്തുകൊണ്ട്? നിക്ഷേപിക്കാന്‍ പ്രവാസി തിരക്ക്, ഒറ്റവര്‍ഷം വില്‍പന ₹51 ലക്ഷം കോടി

ഒരു കോടി മുതല്‍ മൂന്ന് കോടി രൂപ വരെയുള്ള റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്

Dhanam News Desk

രാജ്യത്തെ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മേഖല ദ്രുതഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. അതിസമ്പന്നര്‍ (High Net Worth Individual), പ്രവാസികള്‍ (NRI), പ്രാദേശിക നിക്ഷേപകര്‍ എന്നിവര്‍ ലക്ഷ്വറി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത് കൊണ്ടാണിത്. പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ചയാണ് ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടാകുന്നതെന്നും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും റെക്കോഡ് വില്‍പ്പന നടക്കുമെന്നും അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി.ആര്‍.ഐ ക്ലബ്ബിന്റെ ജി.ആര്‍.ഐ റെസിഡന്‍ഷ്യല്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

₹51 ലക്ഷം കോടി വില്‍പ്പന

രാജ്യത്തെ പ്രമുഖ ഏഴ് നഗരങ്ങളിലെ ലക്ഷ്വറി ഫ്‌ളാറ്റുകളുടെ വില്‍പ്പന നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 51 ലക്ഷം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം യൂണിറ്റ് ഫ്‌ളാറ്റുകള്‍ വില്‍പ്പന നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മാറുന്ന പ്രവണതയാണ് ഇതിലൂടെ പ്രകടമാകുന്നത്. ഒരു കോടി മുതല്‍ 3 കോടി രൂപ വരെയുള്ള ശ്രേണിയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. 50 ലക്ഷം രൂപക്ക് താഴെയുള്ള വില്‍പ്പന കുറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്നില്‍ മൂന്ന് നഗരങ്ങള്‍

അത്യാഡംബര ഭവനങ്ങളുടെ വില്‍പ്പനയില്‍ മുംബൈ, ഗുഡ്ഗാവ്, ബംഗളൂരു എന്നീ നഗരങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ മുംബൈ തന്നെയാണ് ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തലസ്ഥാനമെങ്കിലും മറ്റ് മെട്രോ നഗരങ്ങളായ ഗുഡ്ഗാവ്, ഹൈദരാബാദ്, ബംഗളൂരു എന്നിവ തൊട്ടുപിന്നാലെയുണ്ട്. സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ താത്പര്യങ്ങള്‍ എന്നിവയാണ് ഇതിന് കാരണം. അതിസമ്പന്നരുടെ കേന്ദ്രമായി ഗുഡ്ഗാവ് മാറിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് ഈ നഗരത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

പുതിയ നിക്ഷേപ മാര്‍ഗം

വ്യക്തികള്‍ക്കൊപ്പം കുടുംബങ്ങളും നിക്ഷേപക സ്ഥാപനങ്ങളും ഇപ്പോള്‍ ലക്ഷ്വറി റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന് തയ്യാറാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമെന്നതിനാല്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലാണ് പലരും ഇത്തരം ഇടപാടുകളെ കാണുന്നത്. പ്രമുഖ നഗരങ്ങളിലെ താമസസ്ഥലങ്ങള്‍ക്ക് ഓരോ വര്‍ഷം കഴിയും തോറും വില വര്‍ധിക്കുമെന്നതും പലരും കണക്കിലെടുക്കുന്നുണ്ട്. പ്രവാസികളുടെ പങ്ക് ഇക്കാര്യത്തില്‍ വലുതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൂക്ഷിച്ചുവക്കാനുള്ള ഉപാധിയെന്നോണമാണ് ലക്ഷ്വറി റിയല്‍ എസ്‌റ്റേറ്റുകളെ പല പ്രവാസികള്‍ കാണുന്നത്. ദുബായ്, യു.കെ തുടങ്ങിയ സ്ഥലങ്ങളില്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനും ഇന്ത്യക്കാര്‍ക്ക് വലിയ താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT