യു.പി.ഐ അടക്കം ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായെങ്കിലും കറന്‍സി നോട്ടുകളുടെ ഉപയോഗം ഇപ്പോഴും രാജ്യത്ത് ജനപ്രിയമാണ്. കറന്‍സിയോടുള്ള അഭിനിവേശം നിലനില്‍ക്കുന്നതിനാല്‍ ഓരോ വര്‍ഷവും നോട്ട് അച്ചടിക്കുന്നതിനായി കോടികളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുടക്കുന്നത്. ഇപ്പോഴിതാ, കൂടുതല്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പോളിമര്‍ (Plastic/Polymer) ബാങ്ക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആര്‍.ബി.ഐ.
നിലവിലെ പേപ്പര്‍ നോട്ടുകള്‍ക്ക് പകരമായി കൂടുതല്‍ കരുത്തും ആയുസുമുള്ള പോളിമര്‍ നോട്ടുകള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആര്‍ബിഐയുടെ ഉന്നതതല യോഗങ്ങളില്‍ നടക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി പോളിമര്‍ നോട്ടുകള്‍ വിതരണം ചെയ്യുന്ന പൈലറ്റ് പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സാധാരണ പേപ്പര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക തരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാണ് പോളിമര്‍ നോട്ടുകള്‍ നിര്‍മിക്കുന്നത്. ഇവ വെള്ളം, പൊടി, മടക്കല്‍, കീറല്‍ തുടങ്ങിയവയെ കൂടുതല്‍ പ്രതിരോധിക്കും. അതിനാല്‍ സാധാരണ നോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ഉപയോഗിക്കാനാകും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമായിട്ടും രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത ഉയരുന്നുണ്ട്. നോട്ടുകളുടെ അച്ചടി ചെലവും വര്‍ധിച്ചുവരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം നോട്ടുകള്‍ അച്ചടിക്കാന്‍ ആര്‍ബിഐ ചെലവഴിച്ചത് 6,372.8 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 5,101.4 കോടി രൂപയായിരുന്നു. അതോടൊപ്പം വിപണിയില്‍ നിന്ന് തിരികെ ശേഖരിച്ച് നശിപ്പിക്കേണ്ട പഴകിയ നോട്ടുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 23.8 ബില്യണ്‍ മലിനമായതോ കേടായതോ ആയ നോട്ടുകളാണ് ആര്‍ബിഐ നശിപ്പിച്ചത്. ഇതില്‍ കൂടുതലും 500, 100 രൂപ നോട്ടുകളായിരുന്നു. പോളിമര്‍ നോട്ടുകള്‍ കൊണ്ടുവരുമ്പോള്‍ എടിഎമ്മുകളില്‍ ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
മെയ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് വിനിമയത്തിലുള്ള ആകെ കറന്‍സിയുടെ മൂല്യം 11.5 ശതമാനം വര്‍ധിച്ച് 42.86 ട്രില്യണിലെത്തി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയാണ്. അതേസമയം 10, 20 പോലുള്ള ചെറിയ നോട്ടുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെങ്കിലും ആകെ കറന്‍സി മൂല്യത്തില്‍ അവയുടെ പങ്ക് വളരെ കുറവാണ്. നാണയങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ല.
പോളിമര്‍ നോട്ടുകള്‍ ഇന്ത്യയ്ക്ക് പുതിയ ആശയമല്ല. 2012ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് നഗരങ്ങളില്‍ 10 രൂപയുടെ പോളിമര്‍ നോട്ടുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നത്തെ സാങ്കേതിക വെല്ലുവിളികള്‍ കാരണം പദ്ധതി മുന്നോട്ടുപോയില്ല.
നിലവില്‍ ലോകത്തെ 60ലധികം രാജ്യങ്ങള്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. 1988ല്‍ ഓസ്‌ട്രേലിയയാണ് ലോകത്തില്‍ ആദ്യമായി പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കിയത്. തുടര്‍ന്ന് സിംഗപ്പൂര്‍, കാനഡ, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളും പോളിമര്‍ നോട്ടുകളിലേക്ക് മാറി. അതേസമയം യുഎസ് ഇപ്പോഴും കോട്ടണ്‍-ലിനന്‍ മിശ്രിതത്തില്‍ നിര്‍മിച്ച കറന്‍സി നോട്ടുകളാണ് ഉപയോഗിക്കുന്നത്.
പോളിമര്‍ നോട്ടുകളുടെ പ്രധാന ഗുണം ദീര്‍ഘകാല ഉപയോഗശേഷിയാണ്. ഇവ വേഗത്തില്‍ കീറുകയോ നശിക്കുകയോ ചെയ്യില്ല. കള്ളനോട്ടുകള്‍ നിര്‍മിക്കുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്ന സുരക്ഷാ സവിശേഷതകളും ഇതിലുണ്ടാകാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അച്ചടി ചെലവ് കുറയ്ക്കാനും ആര്‍ബിഐക്ക് സാധിച്ചേക്കും. പൈലറ്റ് പദ്ധതി വിജയിച്ചാല്‍, ഭാവിയില്‍ ഇന്ത്യയിലെ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം പോളിമര്‍ നോട്ടുകള്‍ വ്യാപകമായി പ്രചാരത്തിലാകാന്‍ സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine