News & Views

പ്രീമിയം പോരട്ടെ! മദ്യ വിപണിയിലെ പുതിയ ട്രെന്‍ഡ് അങ്ങനെ, മഴയത്ത് ഓഫ് ആയ ബിയര്‍ ദാ, തിരിച്ചു വരുന്നു

കഴിഞ്ഞ വേനല്‍ക്കാലത്തെ കനത്ത മഴ ബിയര്‍ വില്പനയെ ബാധിച്ചെങ്കിലും വര്‍ഷാവസാനത്തോടെ വിപണി വീണ്ടും ശക്തിപ്രാപിച്ചു

Dhanam News Desk

പ്രീമിയം വിസ്‌കി, റം, വോഡ്ക എന്നിവയ്ക്കുള്ള ആവശ്യകത വര്‍ധിച്ചതോടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ മദ്യവില്പനയില്‍ കുതിപ്പ്. കഴിഞ്ഞ വേനല്‍ക്കാലത്തെ കനത്ത മഴയും നികുതി വര്‍ധനയും അടക്കമുള്ള പ്രതിസന്ധികളെ മറികടന്ന് രാജ്യത്തെ മദ്യവ്യവസായത്തിന് വലിയ വളര്‍ച്ച നേടാന്‍ സാധിച്ചു.

വിസ്‌കി, റം, വോഡ്ക എന്നിവ ഉള്‍പ്പെടുന്ന സ്പിരിറ്റ്‌സ് വിഭാഗത്തിന്റെ വില്പന 2026 സാമ്പത്തികവര്‍ഷം നാല് ശതമാനം ഉയര്‍ന്ന് 440 മില്യണ്‍ കെയ്‌സ് ആയി. മുന്‍വര്‍ഷം വളര്‍ച്ച വെറും 1.6 ശതമാനമായിരുന്നു. ബിയര്‍ വില്പനയും നാല് ശതമാനം വര്‍ധിച്ച് 474 മില്യണ്‍ കെയ്‌സിലെത്തി.

കഴിഞ്ഞ വേനല്‍ക്കാലത്തെ കനത്ത മഴ ബിയര്‍ വില്പനയെ ബാധിച്ചെങ്കിലും വര്‍ഷാവസാനത്തോടെ വിപണി വീണ്ടും ശക്തിപ്രാപിച്ചു. നഗരപ്രദേശങ്ങളിലെ ഉപയോക്താക്കള്‍ കൂടുതല്‍ പ്രീമിയം ബ്രാന്‍ഡുകളിലേക്ക് മാറിയതാണ് വിപണിക്ക് കരുത്തായത്. ഇന്ത്യക്കാരുടെ ചെലവഴിക്കല്‍ ശേഷി വര്‍ധിച്ചത് വിപണിക്ക് ഗുണംചെയ്തു.

പ്രീമിയം വിസ്‌കിക്ക് കുതിപ്പ്

രാജ്യത്തെ മദ്യ വിപണിയുടെ 63 ശതമാനത്തിലധികവും വിസ്‌കിക്കാണ്. പ്രീമിയം വിസ്‌കി വിഭാഗത്തില്‍ ആറു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സാധാരണ വിഭാഗത്തിലെ വില്പന നാല് ശതമാനം കുറഞ്ഞു.

പ്രീമിയം റമ്മിന്റെ വില്പന 20 ശതമാനവും വോഡ്കയുടെ വില്പന 33 ശതമാനവും ഉയര്‍ന്നു. അതേസമയം, സാധാരണ റം-വോഡ്ക വിഭാഗത്തില്‍ ആറ് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്.

പെര്‍നോഡ് റിക്കാര്‍ഡ്, ഡിയാഗോ, റാഡികോ ഖൈത്താന്‍ തുടങ്ങിയ കമ്പനികള്‍ യുവ ഉപയോക്താക്കളെയും നഗര വിപണികളെയും ലക്ഷ്യമിട്ട് പുതിയ പ്രീമിയം ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നതും വര്‍ധിപ്പിച്ചു. ഇപ്പോള്‍ വിപണിയുടെ മൂല്യത്തിന്റെ പകുതിയിലധികവും പ്രീമിയം ഉത്പന്നങ്ങളാണ്.

കഴിഞ്ഞ ഏപ്രില്‍, മെയ് മാസത്തെ കനത്ത മഴ ബിയര്‍ കമ്പനികള്‍ക്ക് വെല്ലുവിളിയായി. ഇന്ത്യയില്‍ ബിയര്‍ ഉപഭോഗം ഏറ്റവും കൂടുതലുള്ളത് മാസം മെയ് ആണ്. ഇക്കാലയളവില്‍ മഴ ശക്തമായത് തിരിച്ചടിയായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ധനവിലയും അസംസ്‌കൃത വസ്തുക്കളുടെ ചെലവും ഉയരാനുള്ള സാധ്യത മദ്യ കമ്പനികളുടെ ലാഭത്തെ ബാധിക്കാമെന്ന് വിപണി മുന്നറിയിപ്പ് നല്കുന്നു.

India’s liquor market witnessed strong growth in FY2025-26 driven by rising demand for premium whisky, rum, vodka, and a recovery in beer sales despite adverse weather conditions

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT