News & Views

ന്യൂസിലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് കൈനിറയെ അവസരങ്ങള്‍; വ്യാപാര കരാര്‍ 27ന് ഒപ്പിടുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ ഇതൊക്കെ

ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ അഞ്ച് വര്‍ഷത്തിനിടെ 42,000 കോടി രൂപയുടെ ഇടപാടിനാകും കരാര്‍ വഴിയൊരുക്കുന്നത്

Dhanam News Desk

ഇന്ത്യ-ന്യൂസിലന്‍ഡ് വ്യാപാര ബന്ധത്തില്‍ പുതിയ ചരിത്രം രചിച്ച് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. കഴിഞ്ഞ ഒന്‍പത് മാസമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് കരാറിലെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കും തൊഴില്‍ അന്വേഷകര്‍ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍. തിങ്കളാഴ്ച ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിനു ശേഷമാണ് ഒപ്പിടല്‍.

ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ അഞ്ച് വര്‍ഷത്തിനിടെ 42,000 കോടി രൂപയുടെ ഇടപാടിനാകും കരാര്‍ വഴിയൊരുക്കുന്നത്. 15 വര്‍ഷത്തിനിടെ 2,000 കോടി ഡോളറിന്റെ നിക്ഷേപം ന്യൂസിലന്‍ഡ് ഇന്ത്യയില്‍ നടത്തും.

ന്യൂസിലന്‍ഡില്‍ തൊഴിലവസരങ്ങള്‍

പുതിയ കരാര്‍ വഴി ന്യൂസിലന്‍ഡിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് എത്താനാകും. മെഡിക്കല്‍, ഐടി, എന്‍ജിനിയറിംഗ് മേഖലകളിലായി ഓരോ വര്‍ഷവും 5,000 ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വീസ ലഭിക്കും.

ന്യൂസിലന്‍ഡില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്‌ടൈം തൊഴില്‍ സമയം കൂടുതല്‍ ലഭിക്കാന്‍ കരാര്‍ വഴിയൊരുക്കും. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഓരോ ആഴ്ച്ചയും 20 മുതല്‍ 25 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും.

ഓരോ വര്‍ഷവും 1,000 ഇന്ത്യക്കാര്‍ക്ക് വര്‍ക് ആന്‍ഡ് ഹോളിഡേ വീസകള്‍ ലഭിക്കും. ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഗുണകരം.

ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. ന്യൂസിലന്‍ഡില്‍ നിന്നുള്ള 95 ശതമാനം ഉത്പന്നങ്ങള്‍ക്കും ഇന്ത്യ നികുതി ഇളവ് നല്‍കും.

കമ്പിളി, കല്‍ക്കരി, തടി, വൈന്‍, ബ്ലൂബെറി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇന്ത്യയിലെ കര്‍ഷകരുടെയും ആഭ്യന്തര വ്യവസായികളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. പുതിയ കരാര്‍ ഇന്ത്യയ്ക്കാകും കൂടുതല്‍ ഗുണകരമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT