News & Views

ഇന്ത്യ-ന്യൂസിലന്‍ഡ് വ്യാപാരം 2030ഓടെ ₹35,000 കോടിയിലെത്തും; പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരാറുകള്‍

ഇന്ത്യയുമായി സഹകരിക്കാന്‍ ന്യൂസിലന്‍ഡ് കമ്പനികളെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു.

Dhanam News Desk

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. വ്യാപാര, പ്രതിരോധ മേഖലകളില്‍ ഇന്ത്യ ഏറ്റവും അടുത്ത പങ്കാളിയായി തുടരുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 2030ഓടെ 35,000 കോടി രൂപയുടേതായി മാറും. വ്യാപാര ബന്ധം ഉയര്‍ത്താനുള്ള അടുത്ത അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതിക്കും ഇരുനേതാക്കളും രൂപം നല്‍കി.

പ്രധാനമന്ത്രി മോദിയുടെ മൂന്ന് രാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.

അടിസ്ഥാന സൗകര്യ വികസനം, ക്ലീന്‍ എനര്‍ജി, സിവില്‍ ഏവിയേഷന്‍, ലോജിസ്റ്റിക്‌സ്, നഗര വികസനം, ജല മാനേജ്‌മെന്റ്, മാലിന്യ സംസ്‌കരണം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ന്യൂസിലന്‍ഡ് കമ്പനികളെ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ന്യൂസിലന്‍ഡിലെ ബിസിനസുകാരുമായും സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

പ്രതിരോധ സഹകരണം

ഇന്ത്യന്‍ നേവിയും ന്യൂസിലാന്‍ഡ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ പരസ്പര പിന്തുണ ഉറപ്പാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും വിവര കൈമാറ്റവും ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് 'മാരിടൈം സെക്യൂരിറ്റി ഡയലോഗ്' ആരംഭിക്കും. അടുത്തിടെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുത്താനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി.

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. 2025 മാര്‍ച്ചില്‍ ലക്‌സണിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് വെറും 13 മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഈ വര്‍ഷം ഏപ്രിലില്‍ കരാര്‍ യാഥാര്‍ത്ഥ്യമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT