News & Views

ഓഫ്‌ഷോര്‍ എണ്ണ-വാതക പര്യവേക്ഷണത്തിന് ₹73,000 കോടി; ഊര്‍ജ സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ

ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 102 ഗിഗാവാട്ട് സൗരോര്‍ജ ഉല്‍പാദന ശേഷി സൃഷ്ടിക്കാനുള്ള പദ്ധതിക്കും അംഗീകാരം

Dhanam News Desk

ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ആഭ്യന്തര എണ്ണ-പ്രകൃതിവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു. സമുദ്രാന്തര എണ്ണ-വാതക പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 73,000 കോടിയുടെ സാമ്പത്തിക സഹായത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ബാധിച്ച സാഹചര്യത്തിലാണ് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ നീക്കം. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 10 ശതമാനം മാത്രമാണ് നിലവില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നത്.

സമുദ്രാന്തര പര്യവേക്ഷണം

ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളിലെ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനാണ് പുതിയ ദൗത്യം പ്രധാനമായും ലക്ഷ്യമിടുന്നത്. ആഴക്കടല്‍ മേഖലകളിലെ പര്യവേക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ ആഭ്യന്തര ഉല്‍പാദനത്തില്‍ വലിയ വര്‍ധന കൈവരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.

പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ രാജ്യത്തിന്റെ എണ്ണ-വാതക ഉല്‍പ്പാദന ശേഷി ഗണ്യമായി ഉയര്‍ത്താനാകുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച എണ്ണ പര്യവേക്ഷണ ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി.

ഇറക്കുമതി 41 രാജ്യങ്ങളില്‍ നിന്ന്

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന വിതരണ തടസങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ല്‍ നിന്ന് 41 ആയി ഉയര്‍ത്തിയിട്ടുണ്ട്. വെനസ്വേലയില്‍ നിന്നും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചു.

ഒരൊറ്റ പ്രദേശത്തെയോ ഏതാനും രാജ്യങ്ങളെയോ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി എണ്ണ വിതരണ ശൃംഖല വൈവിധ്യവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതി

പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജലസംഭരണികള്‍, കനാലുകള്‍, വ്യവസായ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 102 ഗിഗാവാട്ട് സൗരോര്‍ജ ഉല്‍പാദന ശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയുടെ നിലവിലെ സ്ഥാപിത സൗരോര്‍ജ ശേഷി ഏകദേശം 162 ഗിഗാവാട്ടാണ്. പുതിയ പദ്ധതി പൂര്‍ണമായി നടപ്പിലാകുന്നതോടെ പ്രതിവര്‍ഷം ഏകദേശം ഒരു കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയില്‍ വൈദ്യുതി, ഇന്ധന ആവശ്യകത അതിവേഗം വര്‍ധിച്ചുവരികയാണ്. ഒരേസമയം ആഭ്യന്തര എണ്ണ-വാതക ഉല്‍പാദനം വര്‍ധിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ ശേഷി വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാല ഊര്‍ജ സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT