image credit : canva 
News & Views

ഗള്‍ഫ് എണ്ണയുടെ കാലം കഴിഞ്ഞു? റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനം, ചൈനയെ 'ഓവര്‍ടേക്ക്' ചെയ്ത് ഇന്ത്യ

ജൂലൈയില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 44 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു

Dhanam News Desk

റഷ്യന്‍ ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. ചൈനീസ് കമ്പനികള്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ജൂലൈയില്‍ കുറച്ചതോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 44 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. ഇത് ജൂണിനേക്കാള്‍ 4.2 ശതമാനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനവും അധികമാണെന്നും ഇന്ത്യന്‍ ഷിപ്പ്‌മെന്റ് കണക്കുകള്‍ പറയുന്നു.

യുക്രെയിന്‍ യുദ്ധത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് റഷ്യയില്‍ നിന്നും ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി തുടങ്ങിയത്. പരമ്പരാഗതമായി ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്ന അറേബ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവിലാണ് റഷ്യന്‍ എണ്ണ ലഭിക്കുന്നത്. യുക്രെയിന്‍ അധിനിവേശത്തോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണവാങ്ങുന്നത് നിറുത്തിയതും ഇന്ത്യയ്ക്ക് അനുകൂലമായി. ജൂലൈയില്‍ 2.8 ബില്യന്‍ ഡോളര്‍ (ഏകദേശം 2.35 ലക്ഷം കോടി രൂപ) വിലമതിക്കുന്ന ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്‌തെന്നാണ് കണക്ക്.

ഇന്ത്യന്‍ പദ്ധതി ഇങ്ങനെ

നിലവില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കുന്ന രാജ്യമാണ് റഷ്യ. യുക്രെയിന്‍ യുദ്ധത്തിനിടെ ആകസ്മികമായാണ് റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങാന്‍ തീരുമാനിച്ചതെങ്കിലും നിലവില്‍ റഷ്യയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റുമായി ദീര്‍ഘകാല കരാറിലെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനാണ് കരാര്‍. റഷ്യയുടെ മേല്‍ ചുമത്തിയിരിക്കുന്ന ഉപരോധം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കടുപ്പിക്കുന്നത് വരെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

റഷ്യയെ കൂടാതെ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ റഷ്യന്‍ എണ്ണയുടെ വരവ് കൂടിയതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വിഹിതത്തില്‍ കാര്യമായ കുറവുണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT