News & Views

ലോകത്തിന്റെ 'ഫാക്ടറി' മത്സരത്തില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യന്‍ കുതിപ്പ്! മുന്നേറ്റത്തിന് വഴിയൊരുക്കിയതിന് പിന്നിലെന്ത്?

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും വിദേശനാണ്യം നേടാനും അനുബന്ധ മേഖലകളില്‍ കൂടുതല്‍ വരുമാനം ഉറപ്പിക്കാനും രാജ്യത്തിന് സാധിക്കും

Dhanam News Desk

അതിവേഗം കുതിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ആഗോള നിര്‍മാണ ഹബ്ബാകാന്‍ ശ്രദ്ധപൂര്‍വമായ ചുവടുവയ്പ് നടത്തുകയുമാണ് രാജ്യം. യു.എസുമായുള്ള വ്യാപാരയുദ്ധം മൂലം ആഗോള കമ്പനികള്‍ ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ നിര്‍മാണകേന്ദ്രങ്ങള്‍ മാറ്റാന്‍ തിടുക്കം കൂട്ടുന്നതും ഇന്ത്യയ്ക്ക് ഗുണകരമാകുകയാണ്.

ഒട്ടുമിക്ക കമ്പനികളെയും ചൈനയിലേക്ക് ആകര്‍ഷിച്ചിരുന്നതിന് കാരണം കുറഞ്ഞ ചെലവില്‍ ഉത്പാദനം നടത്താമെന്നതായിരുന്നു. ആഗോളതലത്തില്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലെത്തിയെന്ന് യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

മുമ്പ് ചൈന കൈവശം വച്ചിരുന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിയറ്റ്‌നാമാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് രാജ്യങ്ങളാണ് അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയ്ക്ക് ടേണിംഗ് പോയിന്റ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടേണിംഗ് പോയിന്റാണ് ഈ നേട്ടം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും വിദേശനാണ്യം നേടാനും അനുബന്ധ മേഖലകളില്‍ കൂടുതല്‍ വരുമാനം ഉറപ്പിക്കാനും രാജ്യത്തിന് സാധിക്കും. മനുഷ്യ വിഭവശേഷിയില്‍ ഇന്ത്യയും ചൈനയും ഒരേ നിലയിലാണ്. എന്നാല്‍ തൊഴിലെടുക്കാവുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. കൂടുതല്‍ യുവത്വവും ഇന്ത്യയ്ക്ക് തന്നെ.

ചെലവു ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ കമ്പനികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കും. ഓരോ വിദേശ കമ്പനിയും ഇന്ത്യയില്‍ അവരുടെ നിര്‍മാണം ആരംഭിക്കുമ്പോള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ ഏറെയാണ്. മാത്രമല്ല അടിസ്ഥാന സൗകര്യ വികസന രംഗത്തും നേരിട്ടുള്ള വിദേശനിക്ഷേപം രാജ്യത്തിന് ഗുണം ചെയ്യും.

നിര്‍മാണ ഹബ്ബ് എന്നാല്‍ ചൈന മാത്രമെന്ന് ചിന്തിച്ചിരുന്നിടത്തു നിന്ന് ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നുവെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇനിയുമേറെ മുന്നേറാനുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട റോഡുകള്‍, ഊര്‍ജ്ജ ലഭ്യത എന്നിവയില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

India overtakes China as the top global low-cost manufacturing destination, driven by youth power and infrastructure growth

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT