Canva
News & Views

പാക് വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത്‌ വേണ്ട! വ്യോമപാത അടക്കാന്‍ കേന്ദ്രം, ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പിച്ച് പാകിസ്ഥാന്‍

1971ലും പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു

Dhanam News Desk

പാക് എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതോടെ പാകിസ്ഥാനില്‍ നിന്നും ചൈന, ശ്രീലങ്ക, തെക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര റൂട്ടില്‍ മാറ്റം വരുത്തേണ്ടി വരും. ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പെഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയിലൂടെ പറക്കല്‍ വിലക്കേര്‍പ്പെടുത്തിയത്.

1971ലും അടച്ചു

സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ട് പറക്കാന്‍ പാക് എയര്‍ലൈന്‍സ് (പി.ഐ.എ) വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തിയാല്‍ ഈ വിമാനങ്ങള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. ഉദാഹരണത്തിന് ഇസ്‌ലാമാബാദില്‍ നിന്നോ ലാഹോറില്‍ നിന്നോ കോലലംപൂരിലേക്ക് പറക്കേണ്ട വിമാനങ്ങള്‍ ചൈനീസ് വ്യോമപാതയിലൂടെ മൂന്ന് മണിക്കൂറോളം ചുറ്റിപ്പറക്കണം.

ഇതിനോടകം സാമ്പത്തിക പ്രതിസന്ധിയിലായ പാക് വിമാന കമ്പനിയുടെ ബാധ്യത വര്‍ധിപ്പിക്കാന്‍ തീരുമാനം ഇടയാക്കും. ടിക്കറ്റ് ചാര്‍ജ് വര്‍ധിക്കുന്നതോടെ യാത്രക്കാര്‍ മറ്റ് വിമാന സര്‍വീസുകളെ ആശ്രയിക്കാനും ഇടയുണ്ട്. 1971ല്‍ സമാനരീതിയില്‍ വിലക്കേര്‍പ്പെടുത്തിയതോടെ ശ്രീലങ്കന്‍ വ്യോമപാതയിലൂടെയാണ് പാക് വിമാനങ്ങള്‍ പറന്നതെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു.

പരിഹാരത്തിന് കേന്ദ്രം

പാക് വ്യോമപാതയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിമാനകമ്പനികളുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്ന് കേന്ദ്രവ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു പറഞ്ഞു. പാക് വ്യോമപാത ഒഴിവാക്കി ബദല്‍ റൂട്ടുകളിലൂടെ പറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനകള്‍ നടത്തുകയാണ്. ഏത് രീതിയില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളെ ബാധിക്കുമെന്നും എത്രകാലം നീണ്ടുനില്‍ക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രത്യാക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാന്‍

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ പ്രത്യാക്രമണമുണ്ടാകുമെന്ന് ഉറപ്പിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സേനാനീക്കം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ഗള്‍ഫ് രാജ്യങ്ങളെയും ചൈന, ബ്രിട്ടന്‍, യു.എസ്.എ അടക്കമുള്ളവരെയും സമീപിച്ചിട്ടുണ്ട്. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. എല്ലായിടത്തും പാക് സേന ജാഗ്രത പുലര്‍ത്തുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രം ആണവായുധം ഉപയോഗിക്കുമെന്നും പാക് മന്ത്രി കൂട്ടിച്ചേര്‍ത്തു.

India contemplates closing its airspace to Pakistani carriers amid escalating tensions following the Pahalgam attack, potentially disrupting regional aviation

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT