പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ക്രൂഡ്ഓയില്‍ വില 90 ഡോളറുകളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 70 ഡോളറില്‍ താഴെയെത്തിയ എണ്ണവിലയാണ് പെട്ടെന്ന് കുതിച്ചുയര്‍ന്നത്. യുദ്ധം കൂടുതല്‍ ശക്തമായാല്‍ ആഗോള ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് യുഎസും ഇറാനും ഒരുപോലെ അവകാശപ്പെട്ടതോടെ മേഖലയില്‍ കടുത്ത ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. കടലിടുക്കിലെ സംഘര്‍ഷം കാരണം പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടത് ആഗോള വിപണിയിലെ എണ്ണലഭ്യതയെ ബാധിച്ചേക്കും.
ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 7.8 ശതമാനം വര്‍ധിച്ച് ബാരലിന് 81.92 ഡോളറിലെത്തി. ഇറാനിയന്‍ കപ്പലുകള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും, സുരക്ഷാ സഹായങ്ങള്‍ക്ക് പകരമായി കടന്നുപോകുന്ന ചരക്കുകളില്‍ നിന്ന് 20% തുക ഈടാക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിലക്കയറ്റത്തിന് ആക്കം കൂട്ടി.
ഫെബ്രുവരി 28ന് യുഎസും ഇറാനും ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ക്രൂഡ്ഓയില്‍ വില 120 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ ഇത്തവണത്തെ സംഘര്‍ഷം ക്രൂഡിനെ ഇത്രയും ഉയരത്തില്‍ എത്തിക്കില്ലെന്നാണ് വിലയിരുത്തല്‍. പല രാജ്യങ്ങളും എണ്ണ വിതരണത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോര്‍മൂസ് വഴിയുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ഇന്ത്യയും എണ്ണവാങ്ങല്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.
ഹോര്‍മുസ് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ മറ്റ് പ്ലാനുകളിലേക്ക് മാറിയിട്ടുണ്ട്. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ത്തി. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് റഷ്യ.
മിഡില്‍ ഈസ്റ്റിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ എണ്ണ വാങ്ങല്‍ ശൃംഖല 27 രാജ്യങ്ങളില്‍ നിന്നും 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, യുഎസ്, വെനിസ്വേല, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യ നേരിട്ട് എണ്ണ വാങ്ങുന്നുണ്ട്. ഇത് ഹോര്‍മുസ് കടലിടുക്ക് അടഞ്ഞാലും ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാന്‍ സഹായിക്കും.
എണ്ണ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി മംഗളൂരുവില്‍ ഒഎന്‍ജിസി 1.75 മില്യണ്‍ മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒഡീഷയിലും പുതിയ സംഭരണശാല വരുന്നുണ്ട്. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കുമായും (ADNOC) ഇന്ത്യ സംഭരണ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ക്രൂഡ്ഓയില്‍ വിലയില്‍ സ്ഥിരത വന്നാല്‍ രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. യുദ്ധസാഹചര്യം വീണ്ടും എത്തിയതോടെ ഇനി അടുത്തെങ്ങും വില കുറയില്ലെന്നാണ് വിലയിരുത്തല്‍. കനത്ത യുദ്ധം നടന്ന സമയത്ത് പ്രതിദിനം 1,000 കോടി രൂപയ്ക്കടുത്തായിരുന്നു പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്ടം.
Read DhanamOnline in English
Subscribe to Dhanam Magazine