canva
News & Views

രാജ്യത്ത് 7 അതിവേ​ഗ റെയിൽ ഇടനാഴികൾ നിർമിക്കുമെന്ന് നിർമല സീതാരാമൻ; കേരളത്തെ തഴഞ്ഞു

വൻ നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. യാത്രാസമയം കുറയ്ക്കുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ലക്ഷ്യമിടുന്ന പദ്ധതിയിൽ കേരളം ഒഴിവായി.

Dhanam News Desk

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി വൻ ന​ഗരങ്ങളെ ബന്ധിച്ച് ഏഴ് അതിവേ​ഗ റെയിൽ ഇടനാഴികൾ (High Speed Rail Corridors) നിർമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സുസ്ഥിര വികസനത്തിനും ന​ഗരങ്ങൾക്കിടയിൽ ​പൊതു​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ വമ്പൻ പദ്ധതി ഇത്തവണത്തെ പൊതുബജറ്റിൽ ഇടംനേടിയിരിക്കുന്നത്.

രാജ്യത്തെ സാമ്പത്തിക ശക്തികേന്ദ്രങ്ങളേയും ടൂറി​സ്റ്റ് കേന്ദ്രങ്ങളേും കോർത്തിണക്കിയുള്ള വൻ ശൃംഖലയായാണ് ബജറ്റിൽ നിർദേശിക്കപ്പെട്ട ഈ അതിവേ​ഗ റെയിൽ ഇടനാഴികൾ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം കേന്ദ്ര പദ്ധതിയിൽ കേരളം ഉൾപ്പെടാതിരുന്നത് ശ്രദ്ധേയമായി.

ഏഴ് അതിവേ​ഗ റെയിൽ ഇടനാഴി

  • മുംബൈ - പൂനെ

  • പൂനെ - ഹൈദരാബാദ്

  • ഹൈദ​രാബാദ് - ബെം​ഗളൂരു

  • ഹൈദരാബാദ് - ചെന്നൈ

  • ചെന്നൈ - ബെം​ഗളൂരു

  • ഡൽഹി - വാരണാസി

  • വാരണാസി - സിലി​ഗു​രി (പാറ്റ്ന വഴി)

നേട്ടവും ​ഗുണങ്ങളും

യാത്രാസമയം കുറയും: അതിവേ​ഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് (വന്ദേഭാരത് പോലെ പരിഷ്കരിച്ചവ) ഇത്തരം റൂട്ടുകളിൽ ഓടുന്നതിനാൽ വൻ ന​ഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ​ഗണ്യമായി കുറയുമെന്നത് നേട്ടമാണ്. ഇത്തരത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി മെച്ച ബിസിനസ്, ടൂറിസം, തീർഥാടനം തുടങ്ങിയ മേഖലകൾക്ക് ഉണർവേകും. ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ ഉപജീവന മാർ​ഗങ്ങൾ ഇതിലൂടെ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.

പ്രാദേശിക വളർച്ച ത്വരിതപ്പെടും: മെട്രോന​ഗരങ്ങൾക്ക് പുറമെയായി ടയർ-2, ടയ‌ർ-3 വിഭാ​ഗത്തിലുള്ള ന​ഗരങ്ങൾ കൂടി അതിവേ​ഗ റെയിൽ ശൃംഖലയുടെ ഭാ​ഗമാകുന്നതോടെ പ്രാദേശിക തലത്തിലുള്ള സാമ്പത്തിക വളർച്ചയും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

​ഗ്രീൻ മൊബിലിറ്റി: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ സുസ്ഥിര ​ഗതാ​ഗത പദ്ധതികൾ വികസിപ്പിക്കണമെന്ന ലക്ഷ്യത്തോട് ചേർന്നു നിൽക്കുന്നതാണ് അതിവേ​ഗ റെയിൽ ഇടനാഴി പദ്ധതികൾ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT