പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുളള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തിരക്കിട്ട യോഗങ്ങളിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ (CCS) യോഗം ഇന്ന് നടക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ സി.സി.എസ് യോഗമാണ് ഇന്ന് നടക്കുന്നത്.
അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ നിന്ന് സൈനിക നടപടി പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാന്‍ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. പാക് അധിനിവേശ കശ്മീരിനെ വേർതിരിക്കുന്ന സൈനിക അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികരെ പ്രകോപിപ്പിക്കാൻ പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ ആവർത്തിച്ച് വെടിനിർത്തൽ ലംഘനങ്ങൾ നടത്തുകയാണ്.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള പാക്കിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സംഘാര്‍ഷാവസ്ഥ. അരി, മാവ്, പച്ചക്കറികൾ, പഴങ്ങൾ, കോഴിയിറച്ചി തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില പാക്കിസ്ഥാനില്‍ കുത്തനെ ഉയർന്നിരിക്കുകയാണ്. ഈ വർഷം പാക്കിസ്ഥാനിൽ ഒരു കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും നേരിടേണ്ടിവരുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പുളളത്.
നെല്ല്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉൽപാദനത്തെ പ്രതികൂല കാലാവസ്ഥ ബാധിക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. ഇന്ത്യ പാകിസ്ഥാനിലേക്ക് അവശ്യ മരുന്നുകൾ, രാസവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, കോഴിത്തീറ്റ, ഉണങ്ങിയ പഴങ്ങൾ എന്നിവ വലിയ അളവിൽ കയറ്റുമതി ചെയ്യുന്നു. വ്യാപാരം നിർത്തിവയ്ക്കുന്നത് ഈ വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കും. ഇത് സാധാരണ പാകിസ്ഥാനികളുടെ ദൈനംദിന ജീവിതം കൂടുതൽ വഷളാക്കും.
ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ തുറമുഖങ്ങൾ വഴി പരോക്ഷമായി എല്ലാ വർഷവും 1,000 കോടി ഡോളറിലധികം വിലമതിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ പാക്കിസ്ഥാനിൽ എത്തുന്നുണ്ടെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (GTRI) റിപ്പോർട്ട് വ്യക്തമാക്കുന്നു. പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് തടയാന്‍ വ്യാപാര പങ്കാളികളോട് ആവശ്യപ്പെടാന്‍ ഇന്ത്യക്ക് ആലോചനകളുണ്ട്.
ലോക രാജ്യങ്ങളില്‍ നിന്ന് പാക്കിസ്ഥാന് പ്രത്യക്ഷത്തില്‍ കാര്യമായ പിന്തുണകളൊന്നും ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നേരത്തെ തന്നെ ഉഴലുന്ന പാക്കിസ്ഥാന് ഇന്ത്യയുമായുളള സംഘര്‍ഷം രൂക്ഷമാകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക. രാജ്യം അരക്ഷിതാവസ്ഥയിലേക്കും പട്ടിണിയിലേക്കും കൂടുതലായി പ്രവേശിക്കാനുളള സാധ്യതകളാണ് ഉളളത്.
India plans a trade retaliation against Pakistan post-Pahalgam attack, targeting $10 billion worth of indirect exports.
Read DhanamOnline in English
Subscribe to Dhanam Magazine