image credit: indian airforce 
News & Views

ഖത്തറില്‍ നിന്ന് 12 സെക്കന്‍ഡ്‌ ഹാന്റ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ, വ്യോമസേനക്ക് കരുത്താകും

സർജിക്കൽ സ്ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച മിറാഷ് 2000 ഇനം വിമാനങ്ങളാണ് വാങ്ങുന്നത്

Dhanam News Desk

ഫ്രഞ്ച് നിര്‍മിത മിറാഷ് 2000 ശ്രേണിയില്‍ പെട്ട 12 യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച മിറാഷ് 2000 ഇനം വിമാനങ്ങളാണ് വാങ്ങുന്നത്. ഖത്തറില്‍ നിന്നുള്ള സംഘം ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. ഇന്ത്യക്കും ഖത്തറിനുമുള്ള എഞ്ചിനുകള്‍ ഒരേ തരത്തിലായതിനാല്‍ അറ്റകുറ്റപ്പണി എളുപ്പമാകുമെന്ന് ഇന്ത്യ കരുതുന്നു.

വിമാനത്തിന്റെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 6000-7000 കോടിയുടെ ഇടപാടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമാവധി വില കുറച്ച് വിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിന് മുമ്പ് വിമാനങ്ങളുടെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കും. നിര്‍മാണം നിറുത്തിയ മോഡലാണെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വര്‍ഷങ്ങളോളം ഇനിയും ഉപയോഗിക്കാവുന്ന വിമാനങ്ങളാണിവ.

മിറാഷ് 2000 വ്യോമസേനയിലെ ഇടിമുഴക്കം

ഇന്ത്യന്‍ വ്യോമസേനയിലെ ഇടിമുഴക്കം എന്നറിയപ്പെടുന്ന യുദ്ധവിമാനമാണ് മിറാഷ് 2000. രണ്ട് മിറാഷ് സ്‌ക്വാഡ്രണുകളാണ് (ഒരു സ്‌ക്വാഡ്രണില്‍ 16 മുതല്‍ 18 വിമാനങ്ങള്‍) വ്യോമസേനയ്ക്കുള്ളത്. ഗ്രൗണ്ട് സപ്പോര്‍ട്ടിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഗ്വാളിയോര്‍ എയര്‍ ഫോഴ്‌സ് ബേസില്‍ മികച്ച സൗകര്യവും വിദഗ്ധ പരിശീലനം നേടിയ പൈലറ്റുമാരും ഇന്ത്യക്കുണ്ട്. നിലവില്‍ ഇന്ത്യയില്‍ 47 മിറാഷ് വിമാനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് വിമാനനിര്‍മാണ കമ്പനിയായ ദസോയാണ് മിറാഷ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ പല നിര്‍ണായക ഓപ്പറേഷനുകളിലും ഇടിമുഴക്കം പോലെ മുന്നില്‍ നിന്ന വിമാനമാണ് മിറാഷ് 2000. 1999ലെ ഇന്ത്യാ-പാക് കാര്‍ഗില്‍ യുദ്ധം, ഓപ്പറേഷന്‍ ബന്ദര്‍, 2019ലെ പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി നടത്തിയ മിന്നലാക്രമണം (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) തുടങ്ങിയ ഘട്ടങ്ങളില്‍ മിറാഷ് 2000ന്റെ പങ്ക് വലുതായിരുന്നു. കാലപ്പഴക്കം ചെന്നതെന്ന് കാട്ടി ചില രാജ്യങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും ആണവായുധ പോര്‍മുന ഘടിപ്പിക്കാന്‍ പോലും ശേഷിയുള്ള വിമാനം എന്നും വ്യോമസേനയുടെ വിശ്വസ്തനായ പോരാളിയാണ്.

യുദ്ധവിമാനങ്ങളുടെ കുറവ്

വ്യോമസേനയിലെ പറക്കുന്ന ശവപ്പെട്ടി (flying coffin) എന്നറിയപ്പെട്ടിരുന്ന റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ കാലം ചെയ്ത ശേഷം പുതിയ ബാച്ച് എത്തിയിട്ടില്ല. 36 റാഫേല്‍ വിമാനങ്ങള്‍ എത്തിയെങ്കിലും 126 എണ്ണം കൂടി ആവശ്യമായി വരുമെന്നാണ് കണക്ക്. അതിര്‍ത്തിയില്‍ ചൈനയും പാകിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 42 സ്‌ക്വാഡ്രണുകളാണ് വ്യോമസേനയ്ക്ക് അനുവദിച്ചിരിക്കുന്നതെങ്കിലും നിലവില്‍ 30 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങളും കൂടുതല്‍ റാഫേല്‍ വിമാനങ്ങളുമെത്തുമ്പോള്‍ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT