മിഡില്‍ ഈസ്റ്റിലെ യുദ്ധം മൂലം വിമാന ഇന്ധനം അടക്കം വര്‍ധിച്ച പശ്ചാത്തലത്തില്‍ വിമാന ചാര്‍ജുകള്‍ കുത്തനെ കൂടിയിരുന്നു. വിമാന കമ്പനികള്‍ സാമ്പത്തിക ബാധ്യതയിലേക്ക് പോകുന്നത് പിടിച്ചുനിര്‍ത്താന്‍ ഇപ്പോഴിതാ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളങ്ങളിലെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ 25 ശതമാനം കുറച്ചു. ഇതോടെ വിമാന കമ്പനികള്‍ക്ക് ചെലവില്‍ വലിയൊരു പങ്ക് ലാഭിക്കാനാകുമെന്ന് കരുതുന്നു.
എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റിയാണ് നിര്‍ണായക ഉത്തരവിറക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാതെ തടയാന്‍ ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ചാര്‍ജുകള്‍ മാത്രമാണ് കുറച്ചിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടങ്ങിയതോടെ വിമാനങ്ങള്‍ക്ക് റൂട്ട് മാറ്റി പറക്കേണ്ടി വന്നു. ഇത് ചെലവ് ഇരട്ടിയാക്കി. ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ധനയും വിമാന നിരക്കുകള്‍ ഉയരാന്‍ കാരണമായി. വ്യോമയാന ഇന്ധനമായ എ.ടി.എഫ് (Aviation Turbine Fuel) വില ക്രൂഡ് വിലയോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ യുദ്ധസാഹചര്യത്തില്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ എയര്‍ലൈനുകള്‍ക്ക് ബുദ്ധിമുട്ടാണ്.
ഗള്‍ഫ് മേഖല ഇന്ത്യയുടെ ഏറ്റവും ലാഭകരമായ റൂട്ടുകളിലൊന്നാണ്. കേരളത്തില്‍നിന്ന് വലിയ തോതില്‍ യാത്രക്കാരുള്ള ഈ റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണം കുറയുകയും സീറ്റുകളുടെ ലഭ്യത കുറഞ്ഞതും നിരക്ക് ഉയരുന്നതിന് കാരണമായി.
ഇതിനു പുറമെ സുരക്ഷാ ചെലവുകളും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും ഉയര്‍ന്നിട്ടുണ്ട്. യുദ്ധപ്രദേശങ്ങള്‍ക്ക് സമീപം പറക്കുന്ന വിമാനങ്ങള്‍ക്ക് കൂടുതല്‍ റിസ്‌ക് ഉള്ളതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിക്കുന്നത് എയര്‍ലൈനുകള്‍ക്ക് അധികഭാരമായി മാറുന്നു.
പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ വന്നെങ്കിലും വിമാന ഇന്ധനത്തിന്റെ ലഭ്യതയില്‍ ഉടനടി പരിഹാരമാകില്ലെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വ്യക്തമാക്കി. കാര്യങ്ങള്‍ പഴയപടിയാകാന്‍ സമയമെടുക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine