ഇന്ത്യയില്‍ വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു സര്‍ക്കാര്‍ ഇതുവരെ. ഇതിന്റെ ഭാഗമായി വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ലംഘനങ്ങള്‍ തടയാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടതിന് വിശ്വസ്തര്‍ക്ക് 250 കോടി രൂപ വരെ പിഴ ഏര്‍പ്പെടുത്തികൊണ്ട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന്റെ പുതുക്കിയ പതിപ്പ് പൊതുജനാഭിപ്രായത്തിനായി സര്‍ക്കാര്‍ പുറത്തിറക്കി.
നാല് വര്‍ഷത്തെ ആലോചനകള്‍ക്ക് ശേഷം ഓഗസ്റ്റ് 3 ന് സര്‍ക്കാര്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ (പിഡിപി) ബില്‍ 2019 പിന്‍വലിച്ചു. പിന്നീട് സമഗ്രമായ ചട്ടക്കൂടും, ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങളും പരിഗണിച്ചുകൊണ്ട് ബില്ലിന്റെ കരട് രൂപം തയ്യാറാക്കി. പ്രസക്തമായ ഏതെങ്കിലും മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഡാറ്റ വിശ്വസ്തര്‍ക്ക് വ്യക്തിഗത ഡാറ്റ കൈമാറാന്‍ കഴിയുന്ന ഇന്ത്യയ്ക്ക് പുറത്തുള്ള പ്രദേശങ്ങളോ രാജ്യങ്ങളോ പുതിയ ബില്ലില്‍ പട്ടികപ്പെടുത്തും.
ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, 2022 എന്ന് പുനര്‍നാമകരണം ചെയ്ത കരട് ബില്ലില്‍, ഡാറ്റ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകളും ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ആളുകളുടെ സമ്മതവും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും ഡാറ്റ എടുക്കുന്നതിന് മുമ്പ്, ഒരു വിശ്വസ്തന്‍ അവര്‍ക്ക് വ്യക്തവുമായ ഭാഷയില്‍ ആവശ്യപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ വിവരണവും അത്തരം വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന്റെ ഉദ്ദേശ്യവും ഉള്‍ക്കൊള്ളുന്ന ഒരു നോട്ടീസ് നല്‍കണം.
ഒരു സ്വതന്ത്ര 'ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ'യെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കരട് ബില്‍ അനുവദിക്കുന്നുണ്ട്. ഈ ബോര്‍ഡിന് ബില്ലിലെ വ്യവസ്ഥകളുടെ ലംഘനം പരിശോധിക്കാനും പിഴ ചുമത്തനും കഴിയും. വ്യക്തിഗത ഡാറ്റാ ലംഘനമുണ്ടായാല്‍ ബോര്‍ഡിനെ അറിയിക്കുന്നതില്‍ പരാജയപ്പെടുന്നത് മൂലം 200 കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. കുട്ടികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാലും 200 കോടി രൂപ പിഴയായി നല്‍കേണ്ടി വരും.
വ്യക്തികള്‍ക്ക് അവരുടെ ഡാറ്റ സംരക്ഷിക്കാനുള്ള അവകാശവും നിയമപരമായ ആവശ്യങ്ങള്‍ക്കും മറ്റുമായി വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യേണ്ടതിന്റെ ആവശ്യകതയും അംഗീകരിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനായി ഈ നിയമം സഹായിക്കുന്നു. ഇത്തരത്തില്‍ വിവധ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇത് ഭേദഗതി ചെയ്തിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine