News & Views

ട്രംപ് ചതിച്ചാലും പുടിന്‍ വിടില്ല, ₹8.9 ലക്ഷം കോടിയുടെ വ്യാപാരവഴി തുറക്കാന്‍ ഇന്ത്യ-റഷ്യ ധാരണ, ക്രൂഡ് ഓയില്‍ മുടങ്ങില്ലെന്നും ഉറപ്പ്

ഇന്ത്യ വീണ്ടും റഷ്യന്‍ പാളയത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തി

Dhanam News Desk

27 മണിക്കൂര്‍ നീണ്ട ഇന്ത്യ സന്ദര്‍ശനം അവസാനിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ മടങ്ങി. പ്രതിരോധ, വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം ഊട്ടിയുറപ്പിച്ചാണ് പുടിന്റെ മടക്കം. ട്രംപിന്റെ തീരുവയുടെയും യുക്രെയിന്‍ യുദ്ധത്തിന്റെയും സാഹചര്യത്തില്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം ലോകം ഉറ്റുനോക്കിയിരുന്നു. ഇന്ത്യ വീണ്ടും റഷ്യന്‍ പാളയത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തി. യു.എസ് ഉപരോധ ഭീഷണിക്കിടയിലും ഇന്ത്യക്ക് തടസമില്ലാതെ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന റഷ്യയുടെ പ്രഖ്യാപനമാണ് പല മാധ്യമങ്ങള്‍ക്കും വാര്‍ത്തയായത്.

വ്യാപാരം 8.9 ലക്ഷം കോടി

അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.9 ലക്ഷം കോടി രൂപ) ഉഭയകക്ഷി വ്യാപാരം നടത്താന്‍ ഇന്ത്യ-റഷ്യ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ നടത്തിയ ഉഭയകക്ഷി ഉച്ചകോടിയിലാണ് അഞ്ചുവര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ സാമ്പത്തിക റോഡ്മാപ്പ് പുറത്തിറക്കിയത്.

വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി റഷ്യന്‍ ഭാഗത്തുനിന്ന് തീരുവ ഇതര തടസങ്ങളും നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന് ഉച്ചകോടിക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ പുടിന്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരം 12 ശതമാനം വര്‍ധിച്ച് 64 ബില്യണ്‍ ഡോളറിലെത്തി. ഇടപാടുകളുടെ 96 ശതമാനവും ദേശീയ കറന്‍സികളിലാണ് നടക്കുന്നതെന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട ധാരണകള്‍

റഷ്യന്‍ സഹായത്തോടെ നിര്‍മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആണവ നിലയത്തിന്റെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണയായി. കൂടാതെ കൂടംകുളം ആണവ നിലയത്തിലെ ശേഷിക്കുന്ന യൂണിറ്റുകള്‍ പൂര്‍ത്തിയാക്കാനും റഷ്യ പിന്തുണ അറിയിച്ചു. നിര്‍മ്മാണം, എഞ്ചിനീയറിങ്, ഐ.ടി മേഖലകളില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് റഷ്യയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള കുടിയേറ്റ കരാറും ഒപ്പുവെച്ചു. ഇന്ത്യയുടെ വളരുന്ന സമ്പദ് വ്യവസ്ഥക്ക് ആവശ്യമായ എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വിതരണക്കാരായി റഷ്യ തുടരുമെന്നും പുടിന്‍ ഉറപ്പുനല്‍കി.

വരും പുതിയൊരു ചേരി?

യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായുള്ള (EAEU) സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ധാരണയിലെത്തി. സോവിയറ്റ് യൂണിയനില്‍ അംഗങ്ങളായിരുന്ന റഷ്യ, ബെലാറസ്, കസഖ്സ്ഥാന്‍, അര്‍മേനിയ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന സാമ്പത്തിക കൂട്ടായ്മയാണ് ഇ.എ.ഇ.യു.

ഇതിന് പുറമെ അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് ഇടനാഴി (INSTC), വടക്കന്‍ കടല്‍ പാത (Northern Sea Route), ചെന്നൈ-വ്‌ലാഡിമിര്‍വോസ്‌തോക്ക് ലിങ്ക് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി പദ്ധതികളും ചര്‍ച്ചയായി. പ്രതിരോധ സഹകരണത്തില്‍ സംയുക്ത ഗവേഷണം, സംയുക്ത വികസനം, നൂതന സൈനിക സാങ്കേതികവിദ്യകളുടെ സംയുക്ത നിര്‍മ്മാണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ-റഷ്യ സൗഹൃദം ധ്രുവതാരത്തിന് തുല്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ആഗോളതലത്തിലെ പ്രതിസന്ധികള്‍ക്കിടയിലും, എട്ട് പതിറ്റാണ്ടായി ഈ ബന്ധം സ്ഥിരതയോടെ നിലനില്‍ക്കുന്നതായും മോദി പറഞ്ഞു. യുക്രെയിന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരത്തിനായുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി പുടിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയതും ശ്രദ്ധേയമായി. ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇരുനേതാക്കളും ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്തതും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു.

India and Russia cement $100 billion trade pact with strategic oil, defense, and economic cooperation despite global tensions.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT